ന്യൂദല്‍ഹി: ചേതന്‍ ഭഗതിന്റെ നോവലുകള്‍ ലിറ്ററേച്ചര്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപികമാര്‍. അവയെ സാഹിത്യമായി പരിഗണിക്കാന്‍ പോലും തങ്ങള്‍ക്ക് ആവില്ലെന്നു പറഞ്ഞാണ് ടീച്ചര്‍മാര്‍ രംഗത്തുവന്നിരിക്കുന്നത്.
ചേതന്‍ ഭഗത്തിന്റെ കൃതികള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന വാദവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് മുന്നോട്ടുവന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്‍രെ നിര്‍ദേശം പുനപരിശോധിക്കാന്‍ ഒരു കമ്മിറ്റിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത അക്കാദമിക് സെഷനില്‍ ചേതന്‍ ഭഗത്തിന്റെ നോവലുകള്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യം ഈ കമ്മിറ്റി തീരുമാനിക്കും.
തന്റെ പുസ്തകം ഡി.യു സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യം കഴിഞ്ഞ ഏപ്രിലില്‍ ചേതകന്‍ ഭഗത് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ദല്‍ഹി യൂണിവേഴ്‌സിറ്റി ഇക്കാര്യം സ്ഥിരീകരിക്കുകയും ചോയിസ് ബെയ്‌സ്ഡ് ക്രഡിറ്റ് സിസ്റ്റം മുന്നോട്ടുവെച്ച നിര്‍ദേശം ഡിപ്പാര്‍ട്ടുമെന്റിന്റെ പരിഗണനയിലാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ നോവലിസ്റ്റും കവിയുമായ ലൂയിസ എം അല്‍കോട്ടിന്റെയും ക്രൈം നോവലിസ്റ്റ് അഗത ക്രിസ്റ്റിയുടെയും ജെ.ജെ റൗളിങ്ങിന്റെയും കൃതികള്‍ക്ക് ഒപ്പം ചേതന്‍ ഭഗതിന്റെ നോവലുകള്‍ കൂടി ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം.
ഫേസ്ബുക്ക് പോസ്റ്റ് എഴുതുന്നതിനെക്കുറിച്ച് ഒരു കോഴ്‌സ് തുടങ്ങാനും സി.ബി.സി.എസ് ശുപാര്‍ശ ചെയ്തിരുന്നു.