കര്‍ഷകര്‍ക്ക് സഹായകമാകുന്ന രീതിയില്‍ 3600 കോടി മുടക്കി ഒരു ശിവജി കനാല്‍ നിര്‍മ്മിക്കാത്തത് എന്തുകൊണ്ടെന്ന് ചേതന്‍ ഭഗത്
Daily News
കര്‍ഷകര്‍ക്ക് സഹായകമാകുന്ന രീതിയില്‍ 3600 കോടി മുടക്കി ഒരു ശിവജി കനാല്‍ നിര്‍മ്മിക്കാത്തത് എന്തുകൊണ്ടെന്ന് ചേതന്‍ ഭഗത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2016, 10:12 pm

chethan


കര്‍ഷകര്‍ക്ക് ജലം ലഭ്യമാകുന്ന രീതിയില്‍ 3600 കോടി മുടക്കി മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന ശിവജി കനാല്‍ നിര്‍മ്മിക്കാത്തത് എന്തുകൊണ്ടെന്ന് ചേതന്‍ ഭഗത് ചോദിച്ചു.


മുംബൈ: 3600 കോടി മുടക്കി ഛത്രപതി ശിവജിക്ക് സ്മാരകം പണിയുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗത്.

കര്‍ഷകര്‍ക്ക് ജലം ലഭ്യമാകുന്ന രീതിയില്‍ 3600 കോടി മുടക്കി മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന ശിവജി കനാല്‍ നിര്‍മ്മിക്കാത്തത് എന്തുകൊണ്ടെന്ന് ചേതന്‍ ഭഗത് ചോദിച്ചു. ഇതുമൂലം മുംബൈയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കില്ലേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

chetan

കൊടും വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ നാലുമാസത്തിനിടെ 400 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. മാത്രമല്ല മഹാരാഷ്ട്രയിലെ എട്ട് ജില്ലകളില്‍ 16 മാസത്തിനിടെ 1548 കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള വരള്‍ച്ചയും വിളവെടുപ്പിലെ പരാജയവും കടക്കെണിയുമാണ് ഇവയ്ക്കുള്ള പ്രധാന കാരണം. ഇതിനു പിന്നാലെ വെള്ളം ധാരാളമായി വലിച്ചെടുക്കുന്ന കരിമ്പ് കൃഷിക്ക് പകരം മറ്റു കൃഷികള്‍ അവലംബിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്ന നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് കര്‍ഷക ആത്മമഹത്യ കുറയ്ക്കാന്‍ നടപടിയെടുക്കേണ്ടതിന് പകരം 3600 കോടി ചെലവില്‍ ശിവജി സ്മാരകം പണിയുന്നതിനെ വിമര്‍ശിച്ച് ചേതന്‍ ഭഗത് രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരാണ് ശിവജിക്ക് സ്മാരകമായി 3600 കോടി രൂപ ചെലവിട്ട് മുംബൈ തീരത്തിനു സമീപമുള്ള ദ്വീപില്‍ 15 ഏക്കര്‍ സ്ഥലത്ത് കൂറ്റന്‍ പ്രതിമ പണിയുന്നത്. സ്മാരകത്തിന് കഴിഞ്ഞ ദിവസം മോദി തറക്കല്ലിട്ടിരുന്നു. ഇത്രയും തുക മുടക്കി സ്മാരകം പണിയുന്നതിന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്.


മറ്റൊരാളെക്കൊണ്ട് ഷൂ ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍ 


മുംബൈ മുന്‍സിപ്പാലിറ്റിയുടെ വാര്‍ഷിക ആരോഗ്യ ബജറ്റിന് (3,694 കോടി) സമാനമായ തുകയാണ് സ്മാരകത്തിനു വേണ്ടിവരുന്നത്. കഴിഞ്ഞ വര്‍ഷം വരള്‍ച്ചയെത്തുടര്‍ന്ന് കാര്‍ഷിക നഷ്ടം വന്ന പരുത്തി, സോയാ ബീന്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള 1000 കോടിരൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് കോടികള്‍ മുടക്കിയുള്ള സ്മാരകമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


ഛത്രപതി ശിവജി സ്മാരകത്തിനുള്ള തുക മുംബൈയുടെ ജനക്ഷേമ പദ്ധതികളേക്കാള്‍ എത്രയോ വലുതാണെന്ന് ഈ കണക്കുകള്‍ പറയും


മുംബൈയുള്‍പ്പെടെ പത്തിലേറെ പ്രധാന മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ശിവജി സ്മാരക നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍. കഴിഞ്ഞ ദിവസം തറക്കല്ലിടല്‍ കര്‍മ്മത്തിനിടടെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിമ സ്ഥാപിക്കുന്നത് തങ്ങളുടെ ജീവിതമാര്‍ഗത്തിന് തിരിച്ചടിയാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

2010ല്‍ സ്മാരക നിര്‍മ്മാണ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.