'ഇനിയങ്ങോട്ടാര്‍ക്കും ഒരു പണിയുമുണ്ടാകില്ല, അതുകൊണ്ട് അവര്‍ക്കൊന്നും വാങ്ങേണ്ടിയും വരില്ല'; തനിഷ്‌കിന് പിന്തുണയുമായി ചേതന്‍ ഭഗത്
national news
'ഇനിയങ്ങോട്ടാര്‍ക്കും ഒരു പണിയുമുണ്ടാകില്ല, അതുകൊണ്ട് അവര്‍ക്കൊന്നും വാങ്ങേണ്ടിയും വരില്ല'; തനിഷ്‌കിന് പിന്തുണയുമായി ചേതന്‍ ഭഗത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 1:20 pm

മുംബൈ: മതസൗഹാര്‍ദം പ്രമേയമായ തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തിന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഭീഷണിയുയര്‍ത്തിയതിന് പിന്നാലെ പരസ്യത്തെ പിന്തുണച്ച് ചേതന്‍ ഭഗത്. ഇന്ത്യയുടെ തകരുന്ന സാമ്പത്തിക മേഖലയേയും, രാജ്യത്തെ വരിഞ്ഞു മുറുക്കുന്ന വിദ്വേഷ ചിന്തകളെയും വിമര്‍ശിച്ചാണ് തനിഷ്‌കിന് ചേതന്‍ ഭഗത് ട്വിറ്ററിലൂടെ പിന്തുണ നല്‍കിയിരിക്കുന്നത്.

”പ്രിയപ്പെട്ട തനിഷ്‌ക്,
നിങ്ങളെ ആക്രമിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും നിശ്ചയമായും ഇനിയങ്ങോട്ട് നിങ്ങളുടെ കയ്യില്‍ നിന്ന് ഒന്നും വാങ്ങാന്‍ സാധിക്കില്ല. ഇവരുടെയൊക്കെ ചിന്ത എങ്ങോട്ടാണ് ഈ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുക എന്നത് നോക്കിയാല്‍ തന്നെ മനസിലാകുന്ന കാര്യമാണത്. അവര്‍ക്കൊന്നും ഇനിയങ്ങോട്ട് ഒരു പണിയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഭാവിയില്‍ തനിഷ്‌കില്‍ നിന്ന് ഒന്നും വാങ്ങാനും സാധിക്കില്ല. അതുകൊണ്ട് അവരെകുറിച്ച് ആലോചിക്കേണ്ടതില്ല”, ചേതന്‍ ഭഗത് ട്വിറ്ററില്‍ പറഞ്ഞു.

ട്വീറ്റിന് പിന്നാലെ ചേതന്‍ ഭഗതിന് നേരെയും സൈബര്‍ ഇടങ്ങളില്‍ ഹിന്ദുത്വ അനുകൂലികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ ചില ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടിയും നല്‍കി.
ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വ്യവസായം ഐക്യത്തെ സംബന്ധിച്ച് നല്ല സന്ദേശം നല്‍കിയതിന് ആക്രമിക്കപ്പെടുന്നത് ശരിയല്ലെന്നും ചേതന്‍ ഭഗത് പറഞ്ഞു.
സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിഭജനാത്മകമായി ഒരു കാര്യവുമില്ലാത്ത അജണ്ടകളില്‍ ഊന്നല്‍ നല്‍കുന്നതിന് പകരം നമുക്ക് സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാമെന്നും ചേതന്‍ ഭഗത് പറഞ്ഞു.

ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്ന് ആക്രമണം ശക്തമായതിന് പിന്നാലെ തനിഷ്‌ക് പരസ്യം പിന്‍വലിച്ചിരുന്നു. എന്നാല്‍ പരസ്യം പിന്‍വലിച്ചാല്‍ പോര മാപ്പ് പറയണമെന്നാണ് ഇപ്പോള്‍ ട്വിറ്ററില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ക്യാംപെയ്ന്‍. #Apology എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കുകയാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ പാപ്പരാകാന്‍ കാത്തിരുന്നോളൂ എന്നുള്ള ഭീഷണി ട്വീറ്റുകള്‍ വരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹിന്ദു മുസ്‌ലിം ഐക്യം പ്രമേയമായി വരുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്‍പും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നേരത്തെ ഹോളിയുടെ ഭാഗമായി സര്‍ഫ് എക്‌സല്‍ ഇറക്കിയ പരസ്യം പിന്‍വലിക്കണമെന്നും കമ്പനി നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ഫ് എക്‌സല്‍ പരസ്യം പിന്‍വലിച്ചിരുന്നില്ല.

 

വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് പരസ്യം പിന്‍വലിച്ചതിനു പിന്നാലെ തനിഷ്‌ക് ജ്വല്ലറി പരസ്യ വിവാദത്തിന് ദുഃഖപര്യവസാനമായിരിക്കുന്നുവെന്നും മതസ്പര്‍ധ ഇന്ത്യയില്‍ സാധാരണ സംഭവമാകുന്ന ദിനം വന്നു ചേരുമെന്ന് കരുതിയിരുന്നില്ലെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞിരുന്നു.

ധീരതയിലൂടെയും വ്യത്യസ്തതയിലൂടെയും പരമ്പരാഗത കുടുംബ ജ്വല്ലറിക്കാരില്‍ നിന്നും ആളുകളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പരസ്യങ്ങള്‍ ചെയ്യുന്ന ഒരു ബ്രാന്‍ഡ് ഇത്ര വേഗം സമ്മര്‍ദത്തിന് വഴങ്ങിയത് ആശ്ചര്യപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിഷ്‌ക് ജ്വല്ലറിയുടെ കീഴടങ്ങല്‍ ചിലര്‍ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നും ശശി തരുര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Chetan Bagath support tatas tanishq add