ന്യൂദല്‍ഹി: ചേതന്‍ ഭഗത് തന്റെ പസ്തകം കോപ്പിയടിക്കുകയായിരുന്നെന്ന ഗുരുതര ആരോപണവുമായ് എഴുത്തുകാരി അന്‍വിത ബാജ്‌പേ. ചേതന്‍ ഭഗതിന്റെ “വണ്‍ ഇന്ത്യന്‍ ഗേള്‍” എന്ന പുസ്തകം തന്റെ പുസ്തകത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്ന ആരോപണനമാണ് അന്‍വിത ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.
Also read പിറക്കാനിരിക്കുന്ന കുഞ്ഞിനു നേരെ വംശീയാധിക്ഷേപം; മറുപടിയുമായി സെറീന വില്ല്യംസ് രംഗത്ത്
തന്റെ കഥ ചേതന്‍ ഭഗത് മോഷ്ടിക്കുകയായിരുന്നെന്ന പരാതിയുമായി ബംഗളൂരു കോടതിയെ അന്‍വിത സമീപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചേതന്‍ ഭഗതിന്റെ “വണ്‍ ഇന്ത്യന്‍ ഗേളി”ന്റെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വിവരിച്ച് കൊണ്ടാണ് അന്‍വിത ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
തന്റെ കൃതിയായ “ലൈഫ് ഓഡ്‌സ് ആന്‍ഡ് എന്‍ഡ്‌സി”ല്‍ നിന്നുമുള്ള “ഡ്രോയിങ് പാരലല്‍സ്” എന്ന കഥയുടെ മോഷണമാണ് ചേതന്‍ ഭഗതിന്റെ കൃതിയെന്നാണ് അന്‍വിത ആരോപിച്ചിരിക്കുന്നത്. ബംഗളൂരു സ്വദേശിനിയാണ് എഴുത്തുകാരിയായ അന്‍വിത ബാജ്‌പേ.
അതേസമയം സംഭവം അത്യന്തം നിരാശാജനകമാണെന്ന് ചേതന്‍ ഭഗത് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെ തന്നെയാണ് വാര്‍ത്തകള്‍ക്ക് പ്രതികരണവുമായ് ചേതനും രംഗത്തെത്തിയത്. അന്‍വിത എന്നൊരാള്‍ വണ്‍ ഇന്ത്യന്‍ ഗേളി”ന്റെ വില്‍പ്പന തടയുന്നതിനായ് കോടതിയെ സമീപിച്ചെന്ന വാര്‍ത്ത കേട്ടുവെന്ന് പറഞ്ഞ് കൊണ്ടാണ് ചേതന്‍ ഭഗത്ത് പോസ്റ്റ് ആരംഭിക്കുന്നത്.
അന്‍വിതയുടെ കൃതി താന്‍ വായിച്ചിട്ടില്ലെന്നും സംഭവം അത്യന്തം നിരാശജനകമാണെന്നും ചേതന്‍ പറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നിരാശാജനകമാണെന്നും ദൈനംദിന സംഭവങ്ങളെ ആസ്പദമാക്കിയാണ് താന്‍ എഴുതാറുള്ളതെന്നും ചേതന്‍ പറയുന്നു.
സത്യം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പറഞ്ഞ് കൊണ്ടാണ് ചേതന്‍ ഭഗത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.