ലോക ചെസ്സ് വീണ്ടും സമനില,ഇനി ട്രൈബ്രേക്കറിലൂടെ വിജയിയെ അറിയാം
DSport
ലോക ചെസ്സ് വീണ്ടും സമനില,ഇനി ട്രൈബ്രേക്കറിലൂടെ വിജയിയെ അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2012, 12:48 am

മോസ്‌കോ: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടം സമനിലയില്‍. സാധ്യതകള്‍ മാറിമറിഞ്ഞ അവസാന ഗെയിം 22 നീക്കത്തിലാണു സമനിലയായത്. ഇസ്രായേലി ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡിനെതിരായ 12ാം റൗണ്ട് കളിയും സമനിലയില്‍ കലാശിച്ചാല്‍ നാളെ നടക്കുന്ന ടൈ ബ്രേക്കര്‍ ജേതാവിനെ നിശ്ചയിക്കും. അതിലും തീരുമാനമായില്ലെങ്കില്‍ ബ്ലിറ്റ്‌സ് ഗെയിമില്‍ വിജയിയെ നിശ്ചയിക്കും.

റാപ്പിഡ് ചെസില്‍ മികവ് പുലര്‍ത്താറുള്ള ആനന്ദിന് ഇതില്‍ തികഞ്ഞ പ്രതീക്ഷയുണ്ട്. 2010ലെ ടൂര്‍ണമെന്റില്‍ ബള്‍ഗേറിയയുടെ വെസെലിന്‍ തൊപാലോവുമായി 5.5 പോയന്റ് നേടി തുല്യത പാലിച്ച ആനന്ദ് 12ാം റൗണ്ട് ജയിച്ചാണ് ഹാട്രിക് കിരീടം സ്വന്തമാക്കിയത്.

11ല്‍ ഓരോ ജയവും ഒമ്പത് സമനിലയുമായി ഇരുവര്‍ക്കും 5.5 പോയന്റ് വീതമാണുള്ളത്. പത്താംഗെയിമിന്റെ അതേ തുടക്കമായിരുന്നു പന്ത്രണ്ടാം ഗെയിമിനും. അഞ്ചാം നീക്കത്തില്‍ത്തന്നെ ആനന്ദ് കളംമാ്റ്റിയെന്നു മാത്രം. എട്ടാംനീക്കത്തില്‍ ആനന്ദ് ഒരു കാലാളെ ബലി നല്‍കിയതിനെത്തുടര്‍ന്ന് ഗെല്‍ഫന്‍ഡ് കുഴപ്പത്തിലായി.

10-ാം നീക്കത്തില്‍  ഗെല്‍ഫന്‍ഡ് കാലാളെ തിരിച്ചുനല്‍കി. 13-ാം നീക്കത്തില്‍ രാജ്ഞിയെ വെട്ടിമാറ്റാനുള്ള ആനന്ദിന്റെ തീരുമാനം കളി പൂര്‍ണമായും ഒരു പൊസിഷനല്‍ പോരാട്ടത്തിലേക്കുമാറ്റി. ഗെല്‍ഫന്‍ഡിന്റെ രണ്ടു ബിഷപ് ആനുകൂല്യത്തിനു പകരം ആനന്ദിന് ഒരു പോണ്‍ ലാഭമുള്ള നില. റൂക്ക് -ബിഷപ് സമന്വയത്തിലൂടെ ആനന്ദിന്റെ കാലാളുകളെ ലക്ഷ്യംവച്ച ഗെല്‍ഫന്‍ഡിന് സമനില എളുപ്പമാവുന്നതിന്റെ സൂചനകളായിരുന്നു അധികം.

2007 മുതല്‍ കിരീടം കൈവശം വെക്കുന്ന 42കാരനായ ആനന്ദിന് തന്നെക്കാള്‍ ഒരു വയസ്സ് മുതിര്‍ന്ന ഗെല്‍ഫാന്‍ഡ് ഉയര്‍ത്തുന്നത് കനത്ത വെല്ലുവിളിയാണ്. ആദ്യ ആറ് മത്സരങ്ങളിലും ഇന്ത്യന്‍ താരത്തെ വരിഞ്ഞുകെട്ടിയ ഇസ്രായേലുകാരന്‍ ഏഴാം റൗണ്ട് ജയിച്ച് ഞെട്ടിക്കുകയും ചെയ്തു. അടുത്ത കളിയിലൂടെ തിരിച്ചുവന്ന ആനന്ദിന് പക്ഷേ, തുടര്‍ന്ന് മൂന്നെണ്ണത്തിലും സമനില വഴങ്ങേണ്ടി വന്നു.