ഇനി ഐ.പി.എല്ലില്‍ ചെസ്സും
DSport
ഇനി ഐ.പി.എല്ലില്‍ ചെസ്സും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2013, 11:55 am

പൂനെ: ചെസിലും ഐ.പി.എല്‍ മല്‍സരം തുടങ്ങുന്നു. ഏപ്രില്‍ 24 മുതല്‍ 28 വരെ പുണെ പിവിസി ഹിന്ദും ജിംഖാനയിലാണു മല്‍സരം.

ടീം ഇനത്തിലാണു മല്‍സരം. ഒരു ടീമില്‍ ആറ് കളിക്കാരുണ്ടാകും. ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍, ഒരു വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഒരു ഇന്റര്‍നാഷനല്‍ മാസ്റ്റര്‍, രണ്ടു വനിതാ താരം, ഒരു റേറ്റഡ് താരം എന്നിവരാണ് ആറുപേര്‍. []

ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദും ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാണ്‍സണും ലോക ചാംപ്യന്‍പട്ടത്തിനുവേണ്ടി ചെന്നൈയില്‍ നവംബറില്‍ മല്‍സരിക്കാനൊരുങ്ങുന്ന വേളയിലാണ് ഐ.പി.എല്‍ ചെസ് വാര്‍ത്തയും വരുന്നത്.

മത്സരത്തില്‍ മൊത്തം ആറു ടീമുകള്‍ അണിനിരക്കും. പുണെ അറ്റാക്കേഴ്‌സ്, മുംബൈ മൂവേഴ്‌സ്, നാഗ്പൂര്‍ റോയല്‍സ്, ജല്‍ഗോണ്‍ ബാറ്റ്‌ലേഴ്‌സ്, അഹമ്മദ് നഗര്‍ ചെക്കേഴ്‌സ്, താനെ കോംപാറ്റാന്റ്‌സ് എന്നിവയാണ് ടീമുകള്‍.

രണ്ടു മലയാളി താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അഹമ്മദ് നഗര്‍ ചെക്കേഴ്‌സിനുവേണ്ടി ഗ്രാന്‍ഡ് മാസ്റ്റര്‍ ജി. എന്‍. ഗോപാലും ജല്‍ഗോണ്‍ ബാറ്റ്‌ലേഴ്‌സിനുവേണ്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും ഇന്റര്‍നാഷനല്‍ മാസ്റ്ററുമായ എസ്. എല്‍. നാരായണനും.

മൊത്തം പ്രൈസ് മണി അഞ്ചുലക്ഷമാണ്. ആദ്യദിവസം ഉദ്ഘാടനവും ഫിക്‌സ്ചറുകളും തീരുമാനിക്കും. ഒന്നും രണ്ടും റൗണ്ടുകള്‍ 25-ാം തീയതി നടക്കും. അവസാന റൗണ്ട് 28-ാം തീയതിയാണ്. വേണ്ടിവന്നാല്‍ ടൈബ്രേക്കര്‍ ഗെയിം സംഘടിപ്പിക്കും. ഈ കളിയുടെ ലോഗോ പ്രകാശനം ചെയ്തത് ലോക ചെസ് ചാംപ്യനായ ആനന്ദാണ്.