ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചെന്നൈയ്ക്ക് അനുവദിച്ചതിനെതിരെ യൂറോപ്പില്‍ കടുത്ത വിമര്‍ശനം.
ലേലം ഇല്ലാതെ ചാമ്പ്യന്‍ഷിപ്പ് ചെന്നൈക്ക് നല്‍കിയെന്നാണ് വിമര്‍ശനം ഉയരുന്നത്. []
എന്നാല്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയ്ക്ക് നല്‍കിയ വാക്കു പാലിക്കാന്‍ ചാമ്പ്യന്‍ഷിപ്പ് ചെന്നൈയില്‍ത്തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ലോക ചെസ്സ് സംഘടന(ഫിഡെ) വ്യക്തമാക്കി.
മല്‍സരങ്ങള്‍ രണ്ടു പാദങ്ങളിലായി നടത്താമെന്നും ഇതിലൊന്ന് നോര്‍വേയ്ക്ക് അനുവദിക്കാമെന്നും നിര്‍ദേശം വച്ചിരുന്നതായി ഫിഡെ സൂചിപ്പിച്ചു.
പക്ഷേ, ഇന്ത്യ ഇതിനെ എതിര്‍ത്തു. ഇന്ത്യയ്ക്കും തമിഴ്‌നാട് സര്‍ക്കാരിനും നല്‍കിയ ഉറപ്പു മാനിക്കാന്‍ ഈ നിര്‍ദേശം ഉപേക്ഷിക്കുകയായിരുന്നെന്ന് ഫിഡെ വ്യക്തമാക്കി.
നിഷ്പക്ഷവേദിയിലല്ല മല്‍സരമെന്ന ആരോപണത്തിനും ഫിഡെയ്ക്കു മറുപടിയുണ്ട്.
ആനന്ദ്, ടോപലോവ് തുടങ്ങിയവര്‍ മുന്‍പ് എതിരാളിയുടെ രാജ്യത്ത് ലോക ചാംപ്യന്‍ഷിപ്പ് കളിച്ചവരാണ്. ഒളിംപിക്‌സ് പോലുള്ള മറ്റ് മല്‍സരങ്ങളെപ്പോലെ ലോക ചാംപ്യന്‍ഷിപ്പ് വേദി ലേലത്തിലൂടെ നിശ്ചയിക്കണമെന്നു വ്യവസ്ഥയില്ലെന്നും പത്രക്കുറിപ്പില്‍ ഫിഡെ വ്യക്തമാക്കി.