കാള്‍സണ് ലോകകിരീടം സമ്മാനിച്ചു
DSport
കാള്‍സണ് ലോകകിരീടം സമ്മാനിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2013, 5:44 pm

[]ചെന്നൈ: ചെസ്സിലെ പുതിയ വിശ്വരാജന്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സണ് ലോകകിരീടം സമ്മാനിച്ചു. തിങ്കളാഴ്ച തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയാണ് കാള്‍സണ് കിരീടം സമ്മാനിച്ചത്.

ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് രണ്ടാം സ്ഥാനത്തിനുള്ള വെള്ളി മെഡലും സമ്മാനിച്ചു. ചെന്നൈയില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ ജയലളിതയ്ക്ക് പുറമെ ലോക ചെസ്സ ഫെഡറേഷനായ ഫിഡെയുടെ പ്രസിഡണ്ടും പങ്കെടുത്തു.

ലോകജേതാവിനുള്ള സ്വര്‍ണ്ണക്കപ്പും സമ്മാനത്തുകയായ 9.9 കോടിയുടെ ചെക്കുമാണ് ജയലളിത കാള്‍സണ് സമ്മാനിച്ചത്. നീലഗിരി കുന്നുകളില്‍ നിന്നെത്തിച്ച ഒലീവ് ഇലകള്‍ കൊണ്ടുണ്ടാക്കിയ മാലയും തമിഴ് നാട് മുഖ്യമന്ത്രി പുതിയ ലോകചാമ്പ്യനെ അണിയിച്ചു.

കാള്‍സണുമായി പരാജയപ്പെട്ട ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനുള്ള സമ്മാനവും ചടങ്ങില്‍ സമര്‍പ്പിച്ചു.  റണ്ണര്‍ അപ്പിനുള്ള വെള്ളി മെഡലും സമ്മാനത്തുകയായി 6.03 കോടിയുടെ ചെക്കുമാണ് ആനന്ദിന് നല്‍കിയത്.

പത്ത് മത്സരം നീണ്ട് നിന്ന് പോരാട്ടങ്ങള്‍ക്കൊടുവിലാണ് കാള്‍സണ്‍ ആനന്ദിനെ പരാജയപ്പെടുത്തിയത്. മൂന്ന് ജയവും ഏഴ് സമനിലകളില്‍ നിന്നുമായി കാള്‍സണ് 6.5 പോയന്റ് ലഭിച്ചപ്പോള്‍ ഏഴ് സമനിലകളില്‍ നിന്നായി ആനന്ദിന് 3.5 പോയന്റ് മാത്രമേ ലഭിച്ചുള്ളൂ.

ഇതാദ്യമായാണ് ലോകചെസ് ചാംമ്പ്യന്‍ഷിപ്പിന് തമിഴ്‌നാട് വേദിയാകുന്നത്. 29 കോടിയാണ് ചാന്വ്യന്‍ഷിപ്പിനായി തമിഴ്‌നാട് സര്‍ക്കാര്‍ ചിലവഴിച്ചത്.