ലോക ചെസ്: ആനന്ദ് വീണ്ടും സമനിലയില്‍
DSport
ലോക ചെസ്: ആനന്ദ് വീണ്ടും സമനിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th May 2012, 9:02 am

മോസ്‌കോ: ലോക ചെസില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡും തമ്മില്‍ നടന്ന 10ാം റൗണ്ട് മത്സരം സമനിലയില്‍ കലാശിച്ചു.

ഇസ്രായേല്‍ താരം ബോറിസ് ഗെല്‍ഫെന്‍ഡിനെതിരെ 49ാം നീക്കത്തിലാണ് ആനന്ദ് സമനില കൈവരിച്ചത്. ടൂര്‍ണമെന്റില്‍ രണ്ട് മത്സരം മാത്രം ശേഷിക്കെ ഇരുവര്‍ക്കും ഒരോ ജയവും എട്ട് സമനിലയുമടക്കം അഞ്ച് പോയന്റ് വീതമാണുള്ളത്.

പരാജയം ഉറപ്പായ ഘട്ടത്തില്‍ നിന്നുള്ള തിരിച്ചുവരവാണ് ആനന്ദ് നടത്തിയത്. 12 ഗെയിമുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതു ഗെയിമുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഗെല്‍ഫെന്‍ഡിന്റെ ക്യൂന്‍ പോണ്‍ ഓപ്പണിങ്ങിനെതിരെ കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് നിംസോ ഇന്ത്യന്‍ പ്രതിരോധമാണ് സ്വീകരിച്ചത്.

21ാം നീക്കത്തില്‍ ഗെല്‍ഫെന്‍ഡിന്റെ റൂക്കും ബിഷപ്പും ഒരു കാലാളും സ്വീകരിച്ച് തന്റെ രാജ്ഞിയെ ബലിയര്‍പിക്കാന്‍ ആനന്ദ് നിര്‍ബന്ധിതനാവുകയും അതോടെ മത്സരത്തില്‍ പിന്നോട്ടുപോകുകയുമായിരുന്നു.

11ാം റൗണ്ട് ശനിയാഴ്ച നടക്കും. ഇതില്‍ ജയിച്ചാല്‍ അവസാന കളിയില്‍ സമനില പിടിച്ചാലും ആനന്ദിന് കിരീടം നിലനിര്‍ത്താം. തുല്യനില തുടരുന്ന പക്ഷം ടൈ ബ്രേക്കറിലൂടെയായിരിക്കും ചാമ്പ്യനെ കണ്ടെത്തുക.