| Wednesday, 30th September 2015, 8:26 am

ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ച: അന്വേഷണം ബാങ്ക് ജീവനക്കാരിലേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ചെറുവത്തൂരിലെ വിജയാ ബാങ്ക് കവര്‍ച്ചാ കേസിന്റെ അന്വേഷണം ബാങ്ക് ജീവനക്കാരിലേക്കും. സ്‌ട്രോംഗ് റൂമിലെ അലമാരകള്‍ തകര്‍ക്കാതെ സ്വര്‍ണാഭരണം കവര്‍ന്നതാണ് ജീവനക്കാരെ സംശയിക്കാന്‍ കാരണം. ബാങ്ക് ജീവനക്കാരുടെ പങ്ക്് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയും പറഞ്ഞു.

ബാങ്കിന്റെ സ്‌ട്രോങ് റൂമിലുള്ള നാല് അലമാരകളില്‍ മൂന്നെണ്ണത്തില്‍ നിന്നാണ് പണം കവര്‍ന്നത്. ഇതില്‍ രണ്ട് അലമാരകള്‍ തകര്‍ത്തും ഒന്ന് തകര്‍ക്കാതെയുമാണ് സ്വര്‍ണാഭരണം കവര്‍ന്നത്. ഇതാണ് ബാങ്ക് ജീവനക്കാരെ സംശയിക്കാന്‍ കാരണം.

“സ്‌ട്രോങ് റൂം പൂട്ടിയശേഷം ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ മറ്റൊരു ബാങ്കില്‍ സൂക്ഷിക്കുകയാണ് പതിവ്. അങ്ങനെ സൂക്ഷിച്ചിട്ടില്ല.”അതുകൊണ്ടാണ് ബാങ്ക് ജീവനക്കാരെ സംശയിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

അലമാര തകര്‍ക്കാതെ സ്വര്‍ണാഭരണം കവര്‍ന്നതിനാല്‍ കവര്‍ച്ചാ സംഘത്തിനു ബാങ്ക് ജീവനക്കാരില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്ന് എ.ഡി.ജി.പി പറഞ്ഞു. അലമാര അടക്കാന്‍ മറന്നതാണോ അതോ മനപൂര്‍വ്വം അങ്ങനെ ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

5.11 കോടി രൂപയുടെ സ്വര്‍ണവും 2.95ലക്ഷം രൂപയുമാണ് ബാങ്കില്‍ നിന്നും നഷ്ടമായത്. ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ മുറിയില്‍ ഒരു മേശയും അതിനു മുകളില്‍ പ്ലാസ്റ്റിക് കസേരയും വച്ച് മുകളിലത്തെ കോണ്‍ക്രീറ്റ് സ്ലാബ് തുരന്ന് അതുവഴിയാണ് കവര്‍ച്ചക്കാര്‍ ബാങ്ക് ലോക്കറുള്ള മുറിയിലെത്തിയത്.

ബാങ്കിലേയും സമീപത്തെ ചില സ്ഥാപനങ്ങളിലേയും സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ശനിയാഴ്ച്ച പകലാണ് മോഷണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ 10നും 11.15നും ഇടയിലാണു ബാങ്കില്‍ കവര്‍ച്ച നടന്നതെന്നാണു പോലീസിന്റെ നിഗമനം.

കവര്‍ച്ചക്കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വിജയ ബാങ്ക് കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യപ്രതി മലയാളിയും സഹായികള്‍ ബംഗാള്‍ തൊഴിലാളികളുമാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്ത പണവും സ്വര്‍ണ്ണാഭരണങ്ങളുമായി അഞ്ചംഗസംഘം ബംഗാളിലേക്ക് കടന്നതായാണ് പൊലീസിന്റെ സൂചന.

We use cookies to give you the best possible experience. Learn more