ചെറുപുഴ: കണ്ണൂരില്‍ സ്വകാര്യ ബസില്‍ വെച്ച് മധ്യവയസ്‌ക്കന്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ചെറുപുഴ പൊലീസ്. ബസില്‍ നിന്ന് ഇറങ്ങിപ്പോയ വ്യക്തിക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറിയിച്ചു.
വീഡിയോ പങ്കുവെച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ചെറുപുഴയില്‍ നിന്ന് തളിപ്പറമ്പിലേക്ക് പോകാന്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ വെച്ചായിരുന്നു യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.
ഭക്ഷണം കഴിക്കാനായി ഡ്രൈവറും കണ്ടക്ടറും പുറത്തുപോയപ്പോള്‍ അജ്ഞാതനായ ഈ യാത്രക്കാരന്‍ മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് പരാതിക്കാരിയായ യുവതി ബസില്‍ കയറിയത്.
ബസില്‍ മറ്റ് യാത്രക്കാരില്ലെന്ന് ഉറപ്പാക്കി യുവതിയുടെ ശ്രദ്ധ തന്നിലേക്ക് കൊണ്ടുവന്ന ശേഷമാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ആകെ സ്തംഭിച്ച് പോയ യുവതി പിന്നീട് ഇത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
ഇതിന് ശേഷം ജീവനക്കാരെത്തുന്നതിന് മുമ്പ് ഇയാള്‍ ബസില്‍ നിന്നിറങ്ങി പോകുകയായിരുന്നു. യുവതി സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുവതി ജീവനക്കാരോട് പരാതി അറിയിച്ചെങ്കിലും മധ്യവയസ്‌കന്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
Content Highlights: Cherupuzha passenger shows private parts in bus, police take suo-moto case