കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ പൊലീസ് അക്കാദമിയിലയച്ച് പൊലീസ് ആക്റ്റിലെ വ്യവസ്ഥകള്‍ പഠിപ്പിക്കേണ്ടതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ചെറുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി ആവശ്യപ്പെട്ടത്. ചെറുപുഴ സി.ഐ യുടെ പെരുമാറ്റത്തെക്കുറിച്ച് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ഇതല്ല വിധി നടപ്പാക്കേണ്ട വഴി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പൊലീസ് ആക്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ചെറുപുഴ സി.ഐ ഇതെല്ലാം കാറ്റില്‍ പറത്തിയെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ചെറുപുഴ പട്ടണത്തിന് സമീപം പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെയാണ് ഇന്‍സ്പെക്ടര്‍ ബിനീഷ് കുമാര്‍ അസഭ്യവര്‍ഷം നടത്തിയത്.
കച്ചവടക്കാര്‍ക്ക് നേരെ ഉദ്യോഗസ്ഥന്‍ നടത്തുന്ന ആക്രോശവും അസഭ്യവര്‍ഷവും നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ചവിട്ടിക്കൊല്ലുമെന്നും കൂടുതല്‍ ഡയലോഗ് അടിക്കണ്ടെന്നും ഇന്‍സ്പെക്ടര്‍ കച്ചവടക്കാരനോട് പറയുന്നുണ്ട്. തുടര്‍ന്ന് താന്‍ എല്ലാമെടുത്ത് പോയിക്കോളാം എന്ന് കച്ചവടക്കാരന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു
എന്നാല്‍ അനധികൃതമായി റോഡരികില്‍ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുകയായിരുന്നെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നുമായിരുന്നു ഇന്‍സ്പെക്ടറുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Cherupuzha CI Street Seller Human Right Commission