കൂട്ടശസ്ത്രക്രിയ ഗുരുതരവീഴ്ച: ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Kerala
കൂട്ടശസ്ത്രക്രിയ ഗുരുതരവീഴ്ച: ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd April 2011, 7:05 pm

ചേര്‍ത്തല: ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രിയില്‍ നടന്ന കൂട്ട സിസേറിയന്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഡയരക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച് ഡി.എം.ഒ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡയരക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ രണ്ടു ദിവസത്തിനിടെ 22 ശസ്ത്രക്രിയകളാണ് നടന്നതെന്നും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം അഴിച്ചുപണിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ നാല് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആശുപത്രി സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നും ഡയരക്ടറുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

ആശുപത്രിയിലെ നാല് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് ഡി.എം.ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരോപണവിധേയരായ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും ആരോഗ്യവകുപ്പ് ഡയരക്ടര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഡോക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ അവധിദിനങ്ങള്‍ ആസ്വദിക്കാന്‍ ഗര്‍ഭിണികളെ കൂട്ടത്തോടെ പ്രസവശസ്ത്രക്രിയയ്ക്കു വിധേയരാക്കിയ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതി റിപ്പോര്‍ട്ട് തേടിയിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 29 ഗര്‍ഭിണികള്‍ക്കു സിസേറിയന്‍ നടത്തിയെന്നായിരുന്നു ആരോപണം. ശസ്ത്രക്രിയക്കായി ഡോക്ടര്‍മാര്‍ പണം വാങ്ങിയതായും ആരോപണമുണ്ട്.