| Friday, 8th November 2024, 3:58 pm

ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവം; വേദിയിലെ പന്തല്‍ തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവ വേദിയിലെ പന്തല്‍ പൊളിഞ്ഞുണ്ടായ അപകടത്തില്‍ അധ്യാപകനും വിദ്യാര്‍ത്ഥിക്കും തലയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.

കുണ്ടൂര്‍കുന്ന് തേനേരി ശങ്കരന്‍ നമ്പൂതിരിപ്പാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന ചെര്‍പ്പുളശ്ശേരി കലോത്സവ വേദിയിലാണ് സംഭവം.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. ഉച്ചഭക്ഷണ സമയമായതിനാല്‍ വലിയ അപകടം ഓഴിവായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കലോത്സവ വേദിയിലുണ്ടായ രണ്ട് പ്രധാന വേദികളില്‍ ഒരു വേദിയുടെ മുന്‍വശത്തിട്ട താത്ക്കാലിക പന്തല്‍ പൊളിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.

പന്തല്‍ പൂര്‍ണമായും പൊളിഞ്ഞുവീഴുകയും അഞ്ചോളം ആളുകള്‍ അതിനുള്ളില്‍ അകപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് അധ്യാപകനും വിദ്യാര്‍ത്ഥിക്കും പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ അധ്യാപകനെ ക്ലിനിക്കിലും വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം. ഇരുവര്‍ക്കും തലയ്ക്ക് പരിക്കേറ്റതായാണ് വിവരം.

സംഭവത്തില്‍ നാട്ടുകല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Cherpulassery Art Festival; Two people were injured when the pandal at the venue collapsed

We use cookies to give you the best possible experience. Learn more