ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ വിവാദമായ അധ്യാപക പൂജയുടെ പശ്ചാത്തലത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി പി.വി അശോകനുമായി കെ.കെ ഷിഹാബ് നടത്തിയ സംഭാഷണം.
എന്തായിരിക്കും ചേര്‍പ്പ് സി.എന്‍.എന്‍ വിദ്യാലയത്തില്‍ സംഭവിച്ചത്?
സവര്‍ണ്ണഹിന്ദുക്കളും, ബുദ്ധമതാനുയായികളും അനുഷ്ഠിച്ചുവരുന്ന വിശ്വാസ-ആചാര ചടങ്ങുകളാണ് “”ഗുരുപൂജ”” എന്ന പേരില്‍ സി.എന്‍.എന്‍ വിദ്യാലയത്തില്‍ സംഘടിപ്പിച്ചത്. കര്‍ക്കിടക മാസത്തിലെ വെളുത്ത വാവുദിനത്തിലാണ് വരേണ്യ-ഹിന്ദുസമുദായം പാദപൂജ (അതായത് കഴിഞ്ഞമാസം 27ന്, 27.07.2018) ആചരിക്കുന്നത്. ഈ ദിവസത്തെ “”വ്യാസജയന്തി”” എന്ന പേരിലും വിളിക്കപ്പെടുന്നുണ്ട്. മഹാഭാരതമടക്കം പതിനെട്ട് പുരാണങ്ങളുടെ കര്‍ത്താവായി അറിയപ്പെടുന്ന ബ്രാഹ്മണനായ വ്യാസനാണ് സവര്‍ണ്ണഹിന്ദുസമുദായത്തെ സംബന്ധിച്ചിടത്തോളം പരമഗുരുവായി മനസ്സിലാക്കിയിട്ടുള്ളത്.
എന്നാല്‍ കേരളത്തിലെ പാവപ്പെട്ട ഹിന്ദുവിന് പുലയന്/ പറയന് ഗുരുവായി കാണാന്‍ പ്രാപ്യമായിട്ടുള്ളത് താണസമുദായഗംങ്ങളെ വിദ്യാലയമുറ്റത്തേക്ക് കൈപിടിച്ച് ആനയിച്ച മഹാത്മ അയ്യങ്കാളിയും, ഭാരതരത്‌നം ഡോ. ബി.ആര്‍. അബേദ്ക്കറുടേയും, നവോത്ഥാന-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേയും പരിശ്രമഫലമാണെന്നുള്ളത് ചരിത്രമറിയുന്ന ഏവര്‍ക്കും അറിയാം. ഗുരുപൗര്‍ണ്ണമി ദിവസം ഹിന്ദുമതത്തിന്റെ ജാതിഘടനയില്‍ മുമ്പില്‍ നില്‍ക്കുന്ന സവര്‍ണ്ണവിശ്വാസികള്‍ക്ക് ഗുരുവിന്റെ അനുഗ്രഹം സര്‍വ്വാഭീഷ്ടപ്രദവും, ഗുരുത്വമില്ലായ്മ സര്‍വ്വത്രേയപ്രതിബന്ധകവും ആയതുകൊണ്ട് തന്നെ ഹിന്ദുസമുദായത്തിലെ സവര്‍ണ്ണ വിശ്വാസികള്‍ ഇന്നേദിവസം ഗുരുവിനെ ആദരിക്കുന്ന ചടങ്ങുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിവരാറുണ്ട്.
എന്നാല്‍ ഇത് കേരളത്തില്‍ പ്രചാരമുള്ള ഒരാചരമല്ല. ഹിന്ദുഭൂരിപക്ഷത്തിലെ വരേണ്യന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പിന്‍വാതില്‍ പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ അപകടം ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാര-അനുഷ്ഠാന വിശ്വാസങ്ങള്‍ ഒരു പബ്ലിക് വിദ്യാലയത്തില്‍ സംഘടിപ്പിക്കുമ്പോഴാണ്. അദ്ധ്യായന സമയത്താകുമ്പോള്‍ ഏറെ ഗൗരവവും. വിദ്യാര്‍ത്ഥികള്‍ യൂണിഫോമെല്ലാം ധരിച്ച് ക്ലാസ് പഠനാന്തരീക്ഷത്തിലാകുമ്പോള്‍ വളരെയേറെ പ്രത്യാഘാതങ്ങളുമുണ്ട്. ഒപ്പം ക്രിമിനല്‍ കുറ്റവുമാണ്.
സി.എന്‍.എന്‍ വിദ്യാലയങ്കണത്തില്‍ നടന്ന ഇത്തരം ആചാര-അനുഷ്ഠാനങ്ങള്‍ അന്യസമുദായത്തിലെ കുട്ടികള്‍ കൂടി പങ്കാളികളാകുന്നത് സ്‌കൂളിന്റെ സോഷ്യല്‍ മിഡീയ അക്കൗണ്ടില്‍ അധികൃതര്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് ആദ്യം പൊതു സമൂഹത്തില്‍ ഇവ ചര്‍ച്ചയാക്കുന്നത്. തുടര്‍ന്ന് ഗുരുതരമായ ഈ പ്രശ്‌നത്തോടൊപ്പം സി.എന്‍.എന്‍ സ്‌കൂളില്‍ നടന്നുവരുന്ന രാമായണമാസാചരണവും, ഗോപൂജയും, അഗ്നിഹോത്രപൂജയും, രക്ഷാബന്ധന്‍ മഹോത്സവും “”വിദ്യാഭ്യാസത്തില്‍ മതം ചേര്‍ക്കുന്നവര്‍”” എന്ന സ്‌പെഷ്യല്‍ ന്യൂസിലൂടെ പ്രാദേശിക ചാനലായ “”Media 4” പുറത്തുകൊണ്ടുവന്നു.
ദേശീയ മാധ്യമങ്ങള്‍, വര്‍ത്തമാന പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങളുടെ അന്തിചര്‍ച്ചകള്‍ വരെ സി.എന്‍.എന്‍ സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ എന്ന പോലെ ഈ വിഷയം വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ പുരോഗമന-ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ ഇടതുപക്ഷപ്രവര്‍ത്തകരും സി.എന്‍.എന്‍ സ്‌കൂളിന്റെ വരേണ്യ വര്‍ഗ്ഗീയ നിലപാടിനെതിരെയുള്ള പ്രതിഷേധസമരത്തില്‍ ഭാഗമായിട്ടുണ്ട്.
ഒരു അദ്ധ്യാപകനെ ആദരിക്കുന്നതില്‍, ബഹുമാനിക്കുന്നതില്‍ എന്താണിത്ര അപകടം പതിയിരിക്കുന്നത്?
അദ്ധ്യാപകനെ ആദരിക്കുന്നതും, ബഹുമാനിക്കുന്നതും തെറ്റല്ല. ഹിന്ദുമത വര്യേണ്യവിഭാഗം അവരുടെ പരമഗുരുവായ വ്യാസന്റെ ജന്മദിനം പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഇതേനിലയില്‍ മുസ്‌ലീം മാനേജ്‌മെന്റ് സ്ഥാപനം നാളെ പ്രവാചകന്‍ മുഹമ്മദിന്റെ സ്മരാണാര്‍ത്ഥം നബിദിനറാലി സംഘടിപ്പിക്കുന്നതും, അന്നേദിവസം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം മധുരം വിതരണം ചെയ്യുന്നതും, അസംബ്ലിയില്‍ ബൈബിള്‍ പ്രഘോഷണം സംഘടിപ്പിക്കുന്നതും തങ്ങളുടെ മതപ്രചാരണത്തിന്റെ ഭാഗമായും അന്യസമുദായങ്ങള്‍ക്കിടയില്‍ മതപ്രബോധനം ലക്ഷ്യംവെച്ചും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചേരിതിരിവിന്റെ മതിലുപണിയുന്നതിനുമുള്ള ചെറിയ ചെറിയ നീക്കങ്ങളുടെ ഭാഗവുമായിട്ടാണ്.
ഒരദ്ധ്യാപകന്റെയും കാല്‍കഴുകി പുഷ്പങ്ങള്‍ അര്‍പ്പിച്ച് ബഹുമാനിക്കേണ്ടതില്ല. അവര്‍ നയിച്ച മാര്‍ഗ്ഗത്തില്‍ ചലിക്കുന്നതാണ് അവര്‍ക്ക് നാം നല്‍കുന്ന വലിയ അംഗീകാരം, ബഹുമാനം. കൂടാതെ, 1961 മുതല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അതിപ്രശസ്ത അദ്ധ്യാപകനും, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണന്റെ സ്മരണയില്‍ സെപ്തംബര്‍ 5ന് ഇന്ത്യമഹാരാജ്യത്ത് അദ്ധ്യാപകദിനം ആചരിക്കുന്നുണ്ട്. അങ്ങനെയിരിക്കെ കര്‍ക്കിടകമാസത്തിലെ വെളുത്ത വാവുദിനം ഏതുതീരുമാനപ്രകാരമാണ് പൊതു വിദ്യാലയത്തിന്റെ അദ്ധ്യാപകദിനമാകുന്നത്.?
“ഗുരുവന്ദനം” പരിപാടി സ്‌കൂളില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നല്ലോ?
അനന്തപുരി ഫൗണ്ടേഷന്‍ എന്ന തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന 22.06.2018ല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഒരു അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. അതില്‍ പറയുന്നത്””മാതാപിതാക്കളെ പാഴ്‌വസ്തുകള്‍ പോലെ വലിച്ചെറിയരുത്”” എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ പത്തനാപുരം ഗാന്ധിഭവന്റേയും വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ കേരളത്തിലെ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന “”ഗുരുവന്ദനം”” എന്ന പരിപാടി സര്‍ക്കാര്‍ വിദ്യാലത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള അനുവാദവും സഹകരണവും നല്‍കണമെന്നപേക്ഷിച്ചുകൊണ്ടാണ്. അല്ലാതെ അദ്ധ്യാപകന്റെ കാല്‍കഴുകി പുഷ്പാര്‍ച്ചന നടത്തുന്നതിനുള്ള അനുവാദം ചോദിച്ചുകൊണ്ടായിരുന്നില്ല.
മാതാപിതാക്കളെ പാഴ്‌വസ്തുക്കളെ പോലെ തെരുവിലേക്ക് വലിച്ചെറിയരുതെന്ന് പഠിപ്പിക്കാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുകയും, മാതൃ-പിതൃ മഹനീയതയും, സ്‌നേഹവും, കരുതലും സംരക്ഷണവും കുട്ടികളെ പഠിപ്പിക്കലുമാണ്. അല്ലാതെ അദ്ധ്യാപകന്റെ പാദസ്പര്‍ശപുണ്യത്തിലൂടെയല്ല കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടത്.
30.07.2018 ഉച്ചക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചേര്‍പ്പ് സി.എന്‍.എന്‍. സ്‌കൂളില്‍ നടന്നതായി പറയുന്ന “ഗുരുപൂജ” പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന പത്രകുറിപ്പ് ഇറക്കി സ്‌കൂള്‍ മാനേജരുടെ വാദഗതികളെ പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. വസ്തുതകള്‍ ഇതാണെന്നിരിക്കെ ഒരു തെറ്റിനെ ന്യായീകരിക്കാന്‍ ഒരായിരം ഇരുട്ടുകള്‍ കൊണ്ട് കവചം തീര്‍ക്കാന്‍ ശ്രമിച്ചാലും സത്യമെന്ന നേരിന്റെ വെളിച്ചം പേറുന്ന മിന്നാമിന്നുങ്ങിന് പോലും നുണയെ തകര്‍ത്തെറിഞ്ഞുകൊണ്ട് അസത്യത്തിന്റെ കൂരിരുട്ടില്‍ പ്രകാശപൂരിതമാകാന്‍ സാധിക്കും എന്നോര്‍ക്കുന്നത് നന്ന്.
ഇതേ പ്രശ്‌നം ഇതര സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടര്‍ന്നു വരുന്നുണ്ടല്ലോ?
ശ്രദ്ധയില്‍പ്പെട്ടിടങ്ങളിലെല്ലാം ഞങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളായിരുന്നിട്ടുപോലും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും, അല്‍ബാബ്, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍, ലൂര്‍ദ്ദ് മാതാ വിദ്യാലയം ഇവിടങ്ങളിലെല്ലാം ശക്തമായി തന്നെ പ്രതിഷേധിക്കുകയും വേണ്ട തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനാവശ്യമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുള്ളത് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ, ഹിന്ദുസമുദായത്തിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ ആക്രമണോത്സുകതയായി ചിത്രീകരിച്ച് ഹിന്ദു രാഷ്ട്രീയ ഏകീകരണം ലക്ഷ്യമിടുന്നവരുടെ ബോധപൂര്‍വ്വമായ പ്രതികരമാണ് മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ലായെന്ന വ്യാജ ആരോപണം.
അത്തരം സ്ഥാപനങ്ങളില്‍ മതവിശ്വാസം അടിച്ചേല്‍പ്പിക്കുന്ന പ്രബോധന- പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനിയും ശക്തമായിതന്നെ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രതികരിക്കും. ആര്‍ക്കെതിരെയും ഒരുവിട്ടുവീഴ്ചവരുത്തുവാനും ഉദ്ദേശിക്കുന്നില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കേണ്ട സര്‍ക്കാര്‍ ഇവിടെ പ്രീണനവും മൗനാനുവാദവും നല്‍കുന്നില്ലേ?
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 പറയുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ സംസ്ഥാന ഫണ്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതെങ്കില്‍ മതേതരമാകണമെന്നതാണ്. അതേ വകുപ്പിന്റെ ഉപവകുപ്പ് മൂന്നില്‍ പറയുന്നു “”സംസ്ഥാനത്തിന്റെ അംഗീകാരത്തോടെയോ സംസ്ഥാനഫണ്ടിന്റെയോ സഹായത്തോടേയോ പ്രവൃത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന ഒരാളും മതബോധനത്തില്‍ പങ്കെടുക്കാനോ, മതപരമായ ആരാധനകളില്‍ പങ്കെടുക്കാനോ പാടുള്ളതല്ല”” എന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
സംസ്ഥാനസര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ഇതില്‍ നിന്നും ഭിന്നമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മതവുമായി ബന്ധപ്പെടാതെ ശാസ്ത്രവും ചരിത്രവും ഭാഷയും രാഷ്ട്രീയവും കണക്കും കായികവിദ്യാഭ്യാസവുമായി സജീവമാകണം.
1964-66 ഇന്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ നിയമിതമായ 17 അംഗങ്ങളുണ്ടായിരുന്ന കോത്താരി കമ്മീഷന്‍ പറയുന്നത് :- സാമൂഹ്യ -സദാചാര ആത്മീയ മൂല്യങ്ങള്‍ വളര്‍ത്തുന്നതിന് യൂണിവേഴ്‌സിറ്റി തലത്തില്‍ ചര്‍ച്ചകള്‍ ആകാം എന്നാണ്. മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ വിവിധമതങ്ങള്‍ എങ്ങിനെ നോക്കികാണുന്നു, വിവിധമതങ്ങള്‍ മൂല്യങ്ങള്‍ ഉയര്‍ത്തികാട്ടുന്നതില്‍ എത്രമാത്രം താല്‍പര്യം കാണിച്ചിട്ടുണ്ടെന്നെല്ലാമാണ്. അല്ലാതെ ആചാര-അനുഷ്ഠാനങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കാനുമൊന്നുമല്ല. അവ ചര്‍ച്ച ചെയ്യുന്നതുപോലും യൂണിവേഴ്‌സിറ്റി തലത്തിലാകണം എന്നുള്ളത് കോത്താരി കമ്മീഷന്‍ പ്രത്യേകം ചൂണ്ടികാണിക്കുന്നുണ്ട്. അല്ലാതെ പ്രീപ്രൈമറി, എല്‍.പി., യു.പി., ഹൈസ്‌കൂള്‍, പ്ലസ്ടു തലത്തിലുള്ള ബാല്യങ്ങളോടല്ല.
സമരം ഇനിയും തുടരുമോ?
ഒരു പൊതുവിദ്യാലയത്തിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്ന മതാചാരങ്ങള്‍ കടത്തിവിടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുവദിക്കില്ല. എവിടെയെല്ലാം ഇതിന് വീപരിതമായി നടക്കുന്നുവെന്ന് ശ്രദ്ധയില്‍ പെടുന്നുവോ അവിടെയെല്ലാം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അത് ആരായാലും/ ഏത് മത വിഭാഗത്തിന്റെ സ്ഥാപനമായാലും ശരി.