| Tuesday, 26th April 2011, 1:38 pm

ചെര്‍ണോബില്‍ ദുരന്തത്തിന് 25 വയസ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ചെര്‍ണോബില്‍ ആണവദുരന്തം നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം പിന്നിടുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ പതിനായിരങ്ങള്‍ക്കു വേണ്ടി ബന്ധുക്കളും പുരോഹിതരും പ്രാര്‍ത്ഥന നടത്തി.
1986 ഏപ്രില്‍ 26 നാണ് ലോകത്തെ നടുക്കിക്കൊണ്ട് ചെര്‍ണോബില്‍ ആണവനിലയം പൊട്ടിത്തെറിച്ചത്. ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വിസ്‌ഫോടനം നടത്തിയപ്പോഴുണ്ടായതിനെക്കാള്‍ 400 മടങ്ങ് റേഡിയേഷനാണ്ആണവനിലയം പൊട്ടിത്തെറിച്ചപ്പോള്‍ ഉക്രൈനിലുണ്ടായത്.[]

നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു. ദുരന്തവാര്‍ഷികം പ്രമാണിച്ച് കീവില്‍ ആണവസുരക്ഷയെപ്പറ്റി ചേര്‍ന്ന വിദഗ്ദരുടെ സെമിനാറില്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റ ആവശ്യകതകള്‍ ആവര്‍ത്തിക്കപ്പെട്ടു.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇക്കഴിഞ്ഞയാഴ്ച ചെര്‍ണോബില്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ പ്രഖ്യാപിച്ചിരുന്നു.
മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ റേഡിയേഷന്‍കൊണ്ട് മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു

We use cookies to give you the best possible experience. Learn more