കാസര്‍കോഡ്: മുന്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെര്‍ക്കളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച വീട്ടിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതി കാണാത്ത അവസ്ഥയില്‍ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം എന്ന നിലയ്ക്ക് വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. വീട്ടിലേക്ക് മാറ്റിയതിന് പിന്നാലെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
2001-2004 വരെയാണ് ചെര്‍ക്കളം മന്ത്രിയായിരുന്നത്. നാലു തവണ മഞ്ചേശ്വരം എം.എല്‍.എയായിരുന്നു. 2010ല്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നിര്‍വഹിച്ചിരുന്നു.
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, എം.ഇ.എസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദു കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ഡെക്നോളജി ചെയര്‍മാന്‍, കാസര്‍കോട് മുസ്ലിം എജുക്കേഷനല്‍ ട്രസ്റ്റ് ട്രസ്റ്റി, ടി.ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി. ചെര്‍ക്കളം മുസ്ലിം ചാരിറ്റബില്‍ സെന്റര്‍ ചെയര്‍മാന്‍, ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായിരുന്നു.
ചെങ്കള മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ചെര്‍ക്കളം ആണ് ഭാര്യ, മെഹ്റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി.എ.അഹമ്മദ് കബീര്‍( എംഎസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി) മരുമക്കള്‍ : എ.പി.അബ്ദുല്‍ഖാദര്‍(പൊമോന എക്സ്പോര്‍ട്ടേഴ്സ്,മുംബൈ), അഡ്വ. അബ്ദുല്‍മജീദ്(ദുബായ്) എന്നിവര്‍ മക്കളാണ്.