| Wednesday, 6th April 2022, 12:50 pm

സി.പി.ഐ.എമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി. തോമസ് ദയവായി കുടുങ്ങരുത്; പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസാണ്: ചെറിയാന്‍ ഫിലിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ പ്രണയ തട്ടിപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് ദയവായി കുടുങ്ങരുതെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.ഐ.എം എന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കെ.വി. തോമസിനെ ഹൈക്കമാന്റ് വിലക്കിയിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനം അറിയിക്കാമെന്നും കെ.വി. തോമസ് പറഞ്ഞതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ മുന്നറിയിപ്പ്.

‘സി.പി.ഐ.എമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി. തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.ഐ.എം. യൗവ്വനം മുതല്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി.പി.ഐ.എം വേദികളിലേക്ക് ആനയിച്ചിരുന്നു.

അന്നത്തെ സ്‌നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സി.പി.ഐ.എമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല,’ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ലോക്‌സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്റെയും വോട്ടുവിഹിതത്തിന്റെയും മാനദണ്ഡപ്രകാരം സി.പി.ഐ.എമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.

സി.പി.ഐ.എം ഇപ്പോള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണ്. ദേശീയ കക്ഷിയായി പിടിച്ചു നില്‍ക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച. കോണ്‍ഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് മുഖ്യവിഷയം. സി.പി.ഐ.എമ്മിന്റെ കേരള ഘടകം മാത്രമാണ് ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Cheriyan Philip warns KV Thomas in CPIM party congress issue

We use cookies to give you the best possible experience. Learn more