തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള പ്രാദേശിക സഹകരണവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ പ്രമേയത്തെ പരിഹസിച്ച് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
‘കോണ്‍ഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നാണ് സി.പി.ഐ.എമ്മിന്റെ പുതിയ അടവുനയം,’ ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
കെ.വി. തോമസ് സി.പി.ഐ.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ചതിന് പിന്നാലെ എം.വി. ജയരാജന്‍ പറഞ്ഞ കാര്യങ്ങളെ ലക്ഷ്യംവെച്ചാണ് ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.
ഒരു വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് വീട്ടിലെത്തി അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതമല്ലെന്ന് പറയാത്തിടത്തോളം കാലം ആ ചെറുപ്പക്കാരനും കുടുംബത്തിനും വിവാഹം നടക്കുമെന്ന പ്രതീക്ഷയായിരിക്കും. ആ പെണ്‍കുട്ടിക്ക് ഇഷ്ടമാണെന്നത് ആ പെണ്‍കുട്ടി നേരിട്ട് പറഞ്ഞിട്ടില്ല, എന്നാല്‍ നിഷേധിച്ചുമില്ലെന്ന് എം.വി. ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിലൂടെ ഇല്ലാതാവുന്നത്, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയാണ്. ഇത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധമല്ല. കോണ്‍ഗ്രസും സി.പി.ഐ.എമ്മും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ്, നയങ്ങളാണ്. കോണ്‍ഗ്രസ് ഇതോട് കൂടി പടുകുഴിയിലേക്ക് വീഴുമെന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട കരട് രാഷ്ട്രീയ പ്രമേയത്തിന് കഴിഞ്ഞ ദിവസം വോട്ടെടുപ്പിലൂടെ അംഗീകാരം ലഭിച്ചിരുന്നു. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന പ്രമേയത്തെ എതിര്‍ത്ത് നാലുപേര്‍ വോട്ട് ചെയ്തിരുന്നു.
ദേശീയ തലത്തില്‍ വിശാല കൂട്ടായ്മ വേണമെന്ന നിര്‍ദേശത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് രണ്ട് ദിവസം ചര്‍ച്ച നടത്തിയത്. നയത്തിന്റെ അടിസ്ഥാനത്തിലാവണമെന്ന വാദം പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു.
കര്‍ണാക, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ കേരള ബദലെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലഭിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹി മാതൃക മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുമ്പോള്‍ പാര്‍ട്ടി കേരള മാതൃക ഉയര്‍ത്തിപ്പിക്കാന്‍ മടിക്കരുതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു.
Content Highlights: Cheriyan Philip trolls cpim