കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്: ചെറിയാന്‍ ഫിലിപ്പ്
Kerala News
കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്: ചെറിയാന്‍ ഫിലിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th April 2022, 12:47 pm

കോഴിക്കോട്: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ വിര്‍ശനവുമായി കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്. കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

‘കെ.വി. തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്നാണ് കെ.വി. തോമസ് പറഞ്ഞത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.

മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണിത്ര വിരോധം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ശരിയാണോ, കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് ഞാന്‍. നൂലില്‍ കെട്ടി വന്നയാളൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.വി. തേമസിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്നുമുയരുന്നത്. എല്ലാ സ്ഥാനങ്ങളും കെ.വി. തോമസിന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി റഞ്ഞത്.

അതേസമയം, കെ.വി. തോമസ് പുറത്താക്കപ്പെടേണ്ട ഒരാളാണെന്ന് അത് തോന്നുന്നുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. കെ.വി. തോമസ് സി.പി.ഐ.എമ്മിന്റെ സെമിനാറിലാണ് പങ്കെടുക്കുന്നത്, അതിന്റെ പേരില്‍ ഒരാളെ പുറത്താക്കുന്ന പാര്‍ട്ടിയായി മാറുകയാണ് കോണ്‍ഗ്രസെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ കാരണം കണ്ണൂരിലുള്ള നേതാക്കളും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ സി.പി.ഐ.എമ്മിലേക്ക് വന്നപ്പോള്‍ അവരൊന്നും വഴിയാധാരമായിട്ടില്ല. അതുകൊണ്ടാണ് കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Cheriyan Philip says about KV Thomas