ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്; ആന്റണിയുമായി കൂടിക്കാഴ്ച നടത്തി
Kerala
ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്; ആന്റണിയുമായി കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th October 2021, 11:31 am

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ നിരീക്ഷകനും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് ഇന്ന് കോണ്‍ഗ്രസില്‍
മടങ്ങിയെത്തും.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയെ സന്ദര്‍ശിച്ചശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് പ്രവര്‍ത്തിക്കാനാണ് നീക്കമെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. ഇന്ന് രാവിലെയാണ് ചെറിയാന്‍ ഫിലിപ്പ് ആന്റണിയെ കാണാനായി എത്തിയത്.

കെ.കരുണാകരനും എ.കെ. ആന്റണിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചെങ്കിലും സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നില്ല. എന്നാല്‍ പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

കെ.ടി.ഡി.സി ചെയര്‍മാനായും നവകേരള മിഷന്‍ കോര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, എന്തുകൊണ്ടാണ് എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടാത്തതാണ് എല്‍.ഡി.എഫുമായുള്ള അകല്‍ച്ചയ്ക്ക് കാരണമെന്നു ചില റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രാജ്യസഭാ സീറ്റ് ആവശ്യം ചെറിയാന്‍ ഫിലിപ്പ് പരസ്യമായി മുന്നോട്ടു വെച്ചെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയനെയോ സി.പി.ഐ.എം നേതൃത്വത്തെയോ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല.

എന്നാല്‍ മുന്‍പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും ചെറിയാന്‍ ഫിലിപ്പ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പുസ്തകരചനയുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് താന്‍ മാറി നില്‍ക്കുന്നതെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം സഞ്ചരിച്ചിരുന്ന അദ്ദേഹം കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സംസ്ഥാന പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് മല്‍സരിക്കാന്‍ രണ്ട് ടേം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസില്‍ ചെറിയാന്‍ ഫിലിപ്പ് പ്രതിഷേധമുയര്‍ത്തുന്നതും പിന്നീട് കോണ്‍ഗ്രസ് വിടുന്നതും.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കെ കോട്ടയത്തും പിന്നീട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും മത്സരിച്ചു. കെ. മുരളീധരനെതിരെ വട്ടിയൂര്‍കാവിലും സ്ഥാനാര്‍ത്ഥിയായിരുന്നു.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും മുന്‍പ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിനു തൊട്ടുമുന്‍പു പോലും ചെറിയാന്‍ ഫിലിപ്പിനോടു കെ. കരുണാകരന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്ന് പത്മജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം