കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഹൃദയസ്പന്ദനം ഉമ തോമസിന് ഏറെ അനുകൂലമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
” ഞാനിപ്പോള്‍ തൃക്കാക്കരയിലാണ്. വോട്ടര്‍മാരുടെ ഹൃദയ സ്പന്ദനം ഉമ തോമസിന് ഏറെ അനുകൂലം,” എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
നേരത്തെ കെ.വി. തോമസിനോട് അഭ്യര്‍ത്ഥനയുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.
”എ.കെ.ജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോവകരുതേ,”എന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.
തൃക്കാക്കരയില്‍ ഉമ തോമസിനെ മത്സരിപ്പിക്കുന്നതിനെതിരെ വിയോജിപ്പുമായി കെ.വി. തോമസ് രംഗത്തെത്തിയിരുന്നു. എന്നാല്‍,തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ തന്നെ വരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പൊതുവികാരമുണ്ടായിരുന്നെന്നും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിനോ കെ.പി.സി.സി അധ്യക്ഷനോ എതിരഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് അനാവശ്യ ചര്‍ച്ചകള്‍ക്ക് സമയം നല്‍കാതെ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നായിരുന്നു വി. ഡി. സതീശന്റെ നിലപാട്.
പി.ടി. തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സര രംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കെ.പി.സി.സി കണക്കൂകൂട്ടുന്നു. തിങ്കളാഴ്ചയാണ് ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.
Content Highlights: Cheriyan Philip about Uma Thomas