| Friday, 29th October 2021, 12:19 pm

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസ് ഇന്ന് നടപ്പിലാക്കിയിരിക്കുന്നു; കോണ്‍ഗ്രസ് തറവാട്ടില്‍ തിരിച്ചെത്തിയെന്ന് ചെറിയാന്‍ ഫിലിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തി ചെറിയാന്‍ ഫിലിപ്പ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയ വിവരം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്നലെ ഔദ്യോഗികമായി എന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. ഇന്ന് രാവിലെ എന്റെ രാഷ്ട്രീയ ഗുരു എ.കെ. ആന്റണിയെ കണ്ട് അനുഗ്രഹം തേടുകയുണ്ടായി. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാനെന്റെ കുടുംബത്തിലേക്ക്, തറവാട്ടിലേക്ക് മടങ്ങുകയാണ്.

ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 600 ല്‍ പരം നാട്ടുരാജ്യങ്ങളായിരുന്ന ഇന്ത്യയെ ഒരു ചരടില്‍ കോര്‍ത്തിണക്കി ഐക്യവും അഖണ്ഡതയും നിലനിര്‍ത്തി ഒരു രാഷ്ട്രമായി രൂപാന്തരപ്പെടുത്തുന്നതില്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പങ്കുണ്ട്. ഇന്ത്യന്‍ ദേശീയത നിലനിര്‍ത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.

ഇന്ത്യന്‍ ദേശീയത വര്‍ഗീയതയി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയും വര്‍ഗീയതയും ഏകാധിപത്യവും കൊടുകുത്തി വാഴുകയും ചെയ്യുന്ന ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ഒരു ജനാധിപത്യനേതൃത്വം കൊടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയുള്ളൂ.

ബി.ജെ.പി ഇതര രാഷ്ട്രീയകക്ഷികളില്‍ മഹാഭൂരിപക്ഷവും ഇപ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന അവസ്ഥയിലാണ്. ഇന്ത്യ നേരിടുന്ന എല്ലാ വിപത്തുകളേയും നേരിട്ടുകൊണ്ട് ഒരു പുതിയ സംസ്‌ക്കാരം കേരളത്തിലും ഇന്ത്യയിലും ഉണ്ടാക്കുന്നതിന് അത് ആവശ്യമാണ്. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണം.

ഞാന്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. രാജ്യസ്‌നേഹമുള്ള വ്യക്തിയെന്ന നിലയില്‍, കോണ്‍ഗ്രസ് തന്നെ വീണ്ടും ഇന്ത്യയുടെ ഭരണത്തിലും രാഷ്ട്രീയമുന്നേറ്റത്തിസലും ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ സായാഹ്നത്തില്‍ വീണ്ടും കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ ഞാനും പങ്കാളിയാകുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് വിട്ടുപോകുമ്പോള്‍ ഞാന്‍ പറഞ്ഞ അധികാര കുത്തക അവസാനിപ്പിക്കണമെന്ന സന്ദേശം ഇപ്പോള്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയിരിക്കുന്നു. പാര്‍ലമെന്റ് രംഗത്തും സംഘടനാ രംഗത്തും സ്ഥിരം മുഖം മാറി ഒരു പുതിയ നേതൃത്വം എല്ലാ തലങ്ങളിലും വന്നിരിക്കുന്നു.

ഞാന്‍ പറഞ്ഞ ഈ കാര്യങ്ങള്‍ പണ്ട് കോണ്‍ഗ്രസ് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഞാന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അത് ഉള്‍ക്കൊള്ളുന്നു. അത് എനിക്ക് തിരിച്ചുപോക്കിനുള്ള ഒരു സഹായകരമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണ്, ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more