| Tuesday, 20th April 2021, 11:33 am

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം അഭയം നല്‍കിയ പിണറായിയെ ഒരിക്കലും തള്ളിപ്പറയില്ല; വീക്ഷണത്തിന് ചെറിയാന്‍ ഫിലിപ്പിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് തിങ്കളാഴ്ച വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാല്‍, ബാല്യം മുതല്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇരുവരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

‘അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും’, ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിമതനായി വേഷംകെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ‘ചാടിക്കളിക്കട കുഞ്ഞിരാമാ’ എന്നു പറഞ്ഞ് ചുടുചോറ് മാന്തിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം വീണ്ടും വഞ്ചിച്ചെന്നായിരുന്നു വീക്ഷണം എഡിറ്റോറിയലില്‍ എഴുതിയത്.

തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു എഡിറ്റോറിയലില്‍ പറഞ്ഞത്. നേരത്തേ, സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തക രചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മുഖ പ്രസംഗമെഴുതിയതില്‍ അതൃപ്തി അറിയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫിനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല.

ബാല്യം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു.. ഇക്കാര്യം ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.

കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദു:ഖമുണ്ടെന്നു കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആന്റണി 2010ല്‍ കെ.ടി ഡി.സിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്.

ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.

ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല. 1976 മുതല്‍ 1982 വരെ ഞാന്‍ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു.

ഗോഹട്ടി എ.ഐ.സി.സി സമ്മേളനത്തില്‍ അടിയന്തിരാവസ്ഥക്കെതിരായ എ.കെ ആന്റണിയുടെ പ്രസംഗം സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തില്‍ ചില വേളകളില്‍ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cheriyan Philip About Pinarayi Vijayan And Reply To Veekshnam

We use cookies to give you the best possible experience. Learn more