1994ല്‍ മോഹന്‍ലാലിനെ നായകനാക്കി മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പക്ഷേ’. ശോഭന ആയിരുന്നു ചിത്രത്തില്‍ നായികയായത്. കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം പ്രണയം ത്യജിച്ച് ധനികയായ യുവതിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബാലചന്ദ്രന്റെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്.
ഈ സിനിമയുടെ ത്രഡ് കേട്ടപ്പോള്‍ നാകനായി മമ്മൂട്ടി ആയിരിക്കില്ലേ എന്ന് പലരും ചോദിച്ചിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാലാണ് നായകനെന്ന് താന്‍ പറഞ്ഞുവെന്നും പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ചെറിയാന്‍ കല്‍പകവാടി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പക്ഷേ എന്ന ചിത്രത്തെ പറ്റി ചെറിയാന്‍ പറഞ്ഞത്.
‘പ്രണയത്തിന്റെ ശവകുടീരങ്ങള്‍ ഇല്ലാത്തവര്‍ വളരെ കുറവാണ്. എല്ലാം അടക്കി മനസില്‍ കിടപ്പുണ്ടാകും. എനിക്ക് ഒരുപാട് ഐ.എ.എസ് ഓഫീസര്‍മാരെ അറിയാം. ചില ഡോക്ടേഴ്‌സിനെ അറിയാം. അവരില്‍ പലരും പാവപ്പെട്ട വീടുകളില്‍ നിന്ന് പഠിച്ചിട്ട് നല്ല നിലയില്‍ വന്ന് കഴിയുമ്പോള്‍ പെങ്ങളെ കെട്ടിക്കാനോ, അല്ലെങ്കില്‍ സ്വന്തം പ്രണയമൊക്കെ വേണ്ടെന്ന് വെച്ച് വീട്ടുകാര്‍ക്ക് വേണ്ടിയോ ചില ത്യാഗം ചെയ്യും.
പക്ഷേ അത് ചിലപ്പോള്‍ വാരിക്കുഴിയില്‍ ചെന്നായിരിക്കും വീഴുന്നത്, പിന്നെ അയാള്‍ അനുഭവിക്കുന്ന വേദന അയാള്‍ക്ക് മാത്രമേ അറിയുള്ളൂ.
ഞാന്‍ പോയി ലാലിന്റെ അടുത്ത് സ്ഥിരം പറയാറുള്ളത് പോലെ ഇങ്ങനൊരു സംഭവമുണ്ടെന്ന് പറഞ്ഞു.
ഉഗ്രന്‍ സംഭവമാണല്ലോ ചെയ്യ് എന്ന് ലാല്‍ പറഞ്ഞു. ഒരു സിനിമ ചെയ്യാനിരിക്കുമ്പോള്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ അറിയുമല്ലോ. അങ്ങനെ അവര്‍ ത്രെഡ് കേട്ടപ്പോള്‍ പറഞ്ഞു ഇത് മമ്മൂട്ടിക്കല്ലേയെന്ന്. ഞാന്‍ പറഞ്ഞ് അല്ല ലാലിനാണെന്ന്.
എന്ന് വെച്ചാല്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. ലാലിന്റെയൊരു സട്ടില്‍ ആക്ടിങ്ങുണ്ട്. അടീം ഇടീം വെട്ടും കുത്തും ചെയ്യുമ്പോള്‍ വളരെ ക്വയറ്റായിട്ട് സീരിയസായിട്ട് ചെയ്യാന്‍ ലാലിന് പറ്റുമെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പാണ്.
മമ്മൂട്ടി ആണെങ്കിലും ഗംഭീരമായിട്ട് ചെയ്തേനെ. അല്ലെന്ന് നമ്മള്‍ പറയുന്നില്ല. പക്ഷേ ലാല്‍ അത് അതിഗംഭീരമായിട്ട് ചെയ്തില്ലേ. ഒരു ഐ.എ.എസ് ഓഫീസറുടെ എല്ലാ ചേഷ്ടകളും വര്‍ത്തമാനവുമെല്ലാം ഉഗ്രനായിട്ട് ചെയ്തു,’ ചെറിയാന്‍ പറഞ്ഞു.
Content Highlight: cheriyan kalpakavadi talks about pakshe movie, mohanlal