| Monday, 27th February 2023, 1:47 pm

ആദ്യത്തെ കമ്മ്യൂണിസ്റ്റ് ബൂര്‍ഷ്വാസി എന്റെ അച്ഛനാണ്, എന്റെ അച്ഛന്റെ കഥയും ലാല്‍ സലാമിലുണ്ട്: ചെറിയാന്‍ കല്‍പകവാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, മിന്നാരം, സര്‍വകലാശാല തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ വ്യക്തിയാണ് ചെറിയാന്‍ കല്‍പകവാടി. ലാല്‍ സലാം എന്ന ചിത്രത്തില്‍ തന്റെ അച്ഛനും കമ്മ്യൂണിസ്റ്റ് നേതാവുമായ വര്‍ഗീസ് വൈദ്യരുടെ കഥയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘ഞാന്‍ 1958ലാണ് ജനിക്കുന്നത്. അന്ന് അച്ഛനൊരു കോണ്‍ട്രാക്‌റായി കഴിഞ്ഞിരുന്നു. അന്ന് കാറൊക്കെയുണ്ട്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതിന് ശേഷമാണ് അച്ഛനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം ഞാന്‍ അറിയുന്നത്. ആ ചരിത്രം അച്ഛന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

ഒരിക്കല്‍ ബുള്‍സൈ കൊണ്ടുവന്നപ്പോള്‍ അതിന്റെ ഉണ്ണി പൊട്ടി. അതുകണ്ട് ഞാന്‍ അത് കഴിച്ചില്ല. കഴിക്കെടാ എന്ന് പറഞ്ഞു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പഴയ കഥകള്‍ അച്ഛന്‍ എന്നോട് പറഞ്ഞത്.

ഈ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള കഷ്ടപ്പാടുകളാണ് അദ്ദേഹം എനിക്ക് പറഞ്ഞുതന്നിട്ടുള്ളത്. ഞാന്‍ ഒരിക്കലും ഒരു മുതലാളിയാകാന്‍ ആഗ്രഹിച്ചിരുന്നതല്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ആകേണ്ടി വന്നതാണെന്ന് വേദനയോടെ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. നിന്റെ അമ്മക്കും നിങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ ഈ ത്യാഗം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ടി.വി തോമസ്, ഗൗരിയമ്മ ആ ബാച്ചില്‍ പെട്ട ആളാണ് അച്ഛന്‍. പുന്നപ്ര-വയലാറിലെ മൂന്നാം പ്രതിയാണ്. കുട്ടനാട് കര്‍ഷകതൊഴിലാളി യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്. അന്ന് മുതലാളിമാരും ഗുണ്ടകളും തെങ്ങില്‍ കെട്ടിയിട്ട് തല്ലിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ അന്ന് ജോയിന്റ് സെക്രട്ടറിയാണ്. അത്ര സീനിയോരിറ്റി അച്ഛനുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ആ സമയത്ത് ഓപ്പോസിറ്റുള്ള സമ്പന്ന ക്രിസ്റ്റ്യന്‍ കുടുംബത്തിലെ പെണ്‍കുട്ടിയെ സ്‌നേഹിച്ച് കല്യാണം കഴിച്ചു, അതാണ് ലാല്‍ സലാമിന്റെ കഥയും. ഒടുവില്‍ ഒളിവിലൊക്കെ പോയി മടങ്ങിയെത്തിയപ്പോള്‍ അവള്‍ കല്യാണം കഴിച്ചിട്ടില്ല എന്ന് മനസിലാക്കി അവരെ കല്യാണം കഴിക്കുകയായിരുന്നു,’ അദ്ദേഹം പറയുന്നു.

ഇതുകാരണമാണ് 1957ലെ തെരഞ്ഞെടുപ്പില്‍ അച്ഛന് തോല്‍ക്കേണ്ടി വന്നതെന്നും അച്ഛന്‍ മാത്രം തോല്‍ക്കുകയും മറ്റെല്ലാവരും ജയിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ അടിച്ചുകൊണ്ടുപോയി എന്നത് പ്രചരണായുധമാക്കുകയായിരുന്നുവെന്നും ഭൂരിപക്ഷ ക്രിസ്ത്യന്‍ വോട്ടുകളും മറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കല്യാണം കഴിഞ്ഞതിന് ശേഷം പട്ടിണിയായിരുന്നുവെന്നും ഒടുവില്‍ ടി.വി തോമസിന്റെ നിര്‍ബന്ധപ്രകാരമാണ് പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് കരാര്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും ലീവെടുക്കാനും ശേഷം തിരിച്ചുവരാനുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഇതോടെ പാര്‍ട്ടിയില്‍ നിന്നും ലീവ് എടുത്ത് കടലില്‍ കല്ലിടുന്ന കരാര്‍ ജോലി ചെയ്‌തെന്നും അതിലൂടെ അച്ഛന്‍ സമ്പന്നനായെന്നും ചെറിയാന്‍ പറഞ്ഞു.

‘അത് അന്നത്തെ കാലമല്ലേ, പാര്‍ട്ടി അധികാരത്തിലിരിക്കുന്നു, തൊഴിലാളികള്‍ മുഴുവനും കൂടെ, അതങ്ങ് അടിച്ചുകയറി. അദ്ദേഹം സാമ്പത്തികമായി ഉയര്‍ന്നു. കാശായി, കാറായി അപ്പോള്‍ പാര്‍ട്ടി ഇദ്ദേഹത്തെ ബൂര്‍ഷ്വാസിയായി കണ്ടു. അതാണ് ആ സിനിമ. ആദ്യത്തെ കമ്യൂണിസ്റ്റ് ബൂര്‍ഷ്വാസി വര്‍ഗീസ് വൈദ്യരാണ്,’ ചെറിയാന്‍ കല്‍പകവാടി പറഞ്ഞു.

Content Highlight: Cheriyan Kalpakavadi about Lal Salam movie and his father

We use cookies to give you the best possible experience. Learn more