തിരുവനന്തപുരം: പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങാനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്. ‘ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ചാനല്‍ നയം തികച്ചും സ്വതന്ത്രമാണെന്നും രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടുമെന്നും ചെലിയാന്‍ ഫിലിപ്പ് പറഞ്ഞു.
”അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും,” ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലെഴുതി.
ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും രണ്ട് കണ്ണുകളും തുറക്കുമെന്നും കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.
ഇതിന് പിന്നാലെ അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കാനുള്ള ഉത്തരവ് റദ്ദാക്കിയിരുന്നു. പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരുന്നു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
രണ്ടര പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാന്‍ ഫിലിപ്പ്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അതൃപ്തനായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം.
രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും.
അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
കൊവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Cherian Phillip is ready to launch a new YouTube channel