ലീഗിന് സീറ്റ് 12ല്‍ നിന്നും 27ആയി; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്
Kerala News
ലീഗിന് സീറ്റ് 12ല്‍ നിന്നും 27ആയി; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st March 2021, 8:48 am

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച യു.ഡി.എഫ് തീരുമാനത്തില്‍ വിമര്‍ശനവുമായി നവകേരളം കര്‍മ പദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗ് വിഴുങ്ങുകയാണെന്നും ത്രിവര്‍ണ്ണത്തില്‍ പച്ചയേറുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു. മത്സരിക്കുന്ന സീറ്റ് 12ല്‍ നിന്നും ഇപ്പോള്‍ 27ആയി. രണ്ട് മന്ത്രി എന്നത് അഞ്ചായി. ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നു,’ എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലെഴുതിയത്.

കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ധാരണയായത്. മൂന്ന് സീറ്റുകളാണ് അധികം നല്‍കുന്നത്. ഇതോടെ 27 സീറ്റുകളിലായിരിക്കും ലീഗ് ഇത്തവണ മത്സരിക്കുക.

എന്നാല്‍ പി.ജെ ജോസഫുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെയും മണ്ഡലവും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

നിലവിലെ സീറ്റുകള്‍ കൂടാതെ ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര മണ്ഡലങ്ങളാണ് അധികമായി ലീഗിന് നല്‍കുക. ഇതു കൂടാതെ പുനലൂര്‍ ചടയമംഗലം സീറ്റുകള്‍ വെച്ചുമാറാനും ലീഗ് കോണ്‍ഗ്രസ് ധാരണയായിട്ടുണ്ട്. ബാലുശ്ശേരി മണ്ഡലത്തിന് പകരം ലീഗിന് കുന്ദമംഗലം മണ്ഡലം നല്‍കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം തിരുവമ്പാടി മണ്ഡലം ലീഗിന് തന്നെ നല്‍കും. ഇതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടിയും എം.കെ മുനീറും ചര്‍ച്ച നടത്തി.

തിരുവമ്പാടി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാലിയലുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Cherian Phillip against Muslim League