തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. നാളെ രാവിലെ എ.കെ. ആന്റണിയെ കണ്ടതിന് ശേഷം ഔദ്യോഗിക വാര്‍ത്താസമ്മേളനം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു എന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരണം നല്‍കും. 20 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്.
നേരത്തെ, പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അതൃപ്തനായിരുന്നു.
അതേസമയം, ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.