| Friday, 8th October 2021, 10:21 am

ഖാദി വില്‍പനയും ചരിത്രരചനയും ഒരുമിച്ചു നടക്കില്ല; ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. താന്‍ ചരിത്ര രചനയിലാണെന്നും മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

‘അടിയൊഴുക്കുകള്‍’ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനാണ്. 40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വില്‍പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണ്, ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരളം കര്‍മപദ്ധതി കോ-ഓഡിനേറ്ററായിരുന്നു ചെറിയാന്‍ ഫിലിപ്പ്.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഈ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

രണ്ടര പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാന്‍ ഫിലിപ്പ്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അതൃപ്തനായിരുന്നു.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ല.

40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല.

കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയില്‍ രചിക്കാനാവില്ല. വസ്തുതകള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അറിയുന്നതിന് പഴയ പത്രതാളുകള്‍ പരിശോധിക്കണം.

രാഷ്ട്രീയ അണിയറ രഹസ്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, മാദ്ധ്യമ പ്രമുഖര്‍, സമുദായ നേതാക്കള്‍ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വില്‍പ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാള്‍ മാര്‍ക്‌സ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. തടവില്‍ കിടന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.

ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് സഹായിയായ കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി സി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Cherian Philip on Khadi Board Vice Chairman

We use cookies to give you the best possible experience. Learn more