| Friday, 28th April 2017, 1:36 pm

സി.പി.ഐ പോയാലും മന്ത്രിസഭ തകരില്ല: മുന്നണി ബന്ധങ്ങളില്‍ മാറ്റംവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ ഇടതുമുന്നണി വിട്ടുപോയാലും മന്ത്രിസഭ തകരില്ലെന്ന് സി.പി.ഐ.എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

“സി.പി.ഐ പോയാലും എല്‍.ഡി.എഫ് മന്ത്രിസഭ തകരില്ല. മുന്നണി ബന്ധങ്ങളില്‍ മാറ്റംവരും.” എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.

അധികാരത്തിലെത്തിയശേഷം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പല നടപടികളെയും പരസ്യമായി വിമര്‍ശിച്ച് ഘടകകക്ഷിയായ സി.പി.ഐ രംഗത്തുവന്നിരുന്നു.

ഏറ്റവുമൊടുവിലായി മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സി.പി.ഐ സര്‍ക്കാറിനെ വിമര്‍ശിച്ചു രംഗത്തുവന്നത്. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം പൊളിച്ചുനീക്കിയ നടപടിയെ പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സി.പി.ഐ റവന്യൂ വകുപ്പിന്റെ നടപടിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു.

കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിലും സി.പി.ഐ-സി.പി.ഐ.എം തര്‍ക്കം ചര്‍ച്ചയായിരുന്നു. സി.പി.ഐ കോണ്‍ഗ്രസുമായി ചേരാനുള്ള അനുകൂല അന്തരീക്ഷം ഒരുക്കുകയാണെന്നും സി.പി.ഐ.യിലെ തന്നെ ഒരു വിഭാഗത്തില്‍ ഇതില്‍ എതിര്‍പ്പുണ്ടെന്നുമാണ് സംസ്ഥാന സമിതിയില്‍ കോടിയേരി പറഞ്ഞത്.

We use cookies to give you the best possible experience. Learn more