സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിരാഹാരമനുഷ്ഠിക്കണം: ടി.എന്‍ സീമയ്ക്ക് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം
Daily News
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിരാഹാരമനുഷ്ഠിക്കണം: ടി.എന്‍ സീമയ്ക്ക് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th October 2015, 10:27 am

cherianകോഴിക്കോട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ടി.എന്‍ സീമയ്ക്ക് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിഞ്ചുകുട്ടികള്‍പോലും കൂട്ടബലാത്സംഗത്തിന് ഇരയാവുന്ന രാജ്യത്ത് ബഹുജനമനസാക്ഷി ഉണര്‍ത്താന്‍ ടി.എന്‍ സീമ നിരാഹാരസമരം ആരംഭിക്കണമെന്നാണ് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെടുന്നത്.

“രണ്ടു വയസുള്ള പെണ്‍കുട്ടികളെ പോലും ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നത് ഭരണകൂടം നിഷ്‌ക്രിയമായതിനാല്‍ ദില്ലിയില്‍ നിയമവാഴ്ച തകരാറിലാണ്. പട്ടാപകല്‍ പോലും സ്ത്രീപീഡനം പലയിടത്തും നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു. എല്ലാ മഹിള സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ട വിഷയമാണിത്. ഈ കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ രാജ്യസഭംഗമായ ടി.എന്‍ സീമ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കും.” എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് പറയുന്നത്.

ശനിയാഴ്ച ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസില്‍ രഹസ്യമായി ഉടുപ്പൂരിയല്‍ സമരം നടത്തിയ സ്ത്രീകള്‍ക്ക് സീറ്റുകിട്ടിയിട്ടുണ്ടെന്ന ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട് ചെറിയാന്‍ ഫിലിപ്പിനെതിരെ ആദ്യം രംഗത്തുവന്ന സി.പി.ഐ.എം നേതാക്കളില്‍ ഒരാളായിരുന്നു സീമ.

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാപ്പു പറയണമെന്നുമായിരുന്നു സീമ ആവശ്യപ്പെട്ടിരുന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞദിവസം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സീമ നിരാഹാരസമരം ആരംഭിക്കണമെന്ന ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ് സീമയെ പരോക്ഷമായി പരിഹസിക്കുന്നതാണ്. തന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന സീമ എന്തുകൊണ്ടാണ് ദല്‍ഹിയില്‍ പിഞ്ചുകുട്ടികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാത്തതെന്ന ചോദ്യമാണ് പരോക്ഷമായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്.