| Thursday, 2nd March 2023, 11:13 am

ആ പൊട്ടിയ മുട്ടയില്‍ നിന്നുമാണ് ഞാന്‍ കമ്മ്യൂണിസ്റ്റുകാരനായത്; ആ പ്രായമൊക്കെ വിവരക്കേടിന്റെ സമയമാണല്ലോ: ചെറിയാന്‍ കല്‍പകവാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയാന്‍ കല്‍പകവാടി കഥയെഴുതി വേണു നാഗവള്ളി സംവിധാനം ചെയ്ത സിനിമയാണ് ലാല്‍ സലാം. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയുടെ കഥയെഴുതാന്‍ തനിക്ക് പ്രചോദനമായത് അച്ഛന്റെ വാക്കുകളാണെന്ന് പറയുകയാണ് ചെറിയാന്‍ കല്‍പകവാടി. തന്റെ അച്ഛന്‍ വലിയ കമ്മ്യൂണിസ്റ്റായിരുന്നു എന്നും സാഹചര്യങ്ങള്‍ കൊണ്ടാണ് മുതലാളിയായതെന്നും അദ്ദേഹം പറഞ്ഞു.

ബുള്‍സൈയുടെ ഉണ്ണിപൊട്ടിയതുകൊണ്ട് കഴിക്കാതിരുന്ന ആളാണ് താനെന്നും അപ്പോഴാണ് പ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ അനുഭവിച്ച വേദനയെ കുറിച്ചൊക്കെ അച്ഛന്‍ പറഞ്ഞുതന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ 1958ലാണ് ജനിക്കുന്നത്. ആ സമയമൊക്കെ ആയപ്പോഴേക്കും അച്ഛന്‍ നൂറ് ശതമാനം കോണ്‍ട്രാക്ടറായി കഴിഞ്ഞിരുന്നു. ഞാന്‍ ജനിച്ചപ്പോള്‍ വീട്ടില്‍ കാറൊക്കെയുണ്ട്. അതായത് ഞാനൊരു മുതലാളി പയ്യനായിട്ടാണ് ജനിക്കുന്നത്. ഞാന്‍ പഠിച്ചതൊക്കെ വലിയ സ്‌കൂളിലായിരുന്നു. കുറേ കാലമൊക്കെ കഴിഞ്ഞിട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടുള്ള ബന്ധമൊക്കെ ഞാന്‍ അറിയുന്നത്.

കാരണം നേതാക്കന്മാരിങ്ങനെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണല്ലോ. അപ്പോള്‍ പഴയ ചരിത്രമൊക്കെ അച്ഛനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ആ പ്രായമെന്നൊക്കെ പറയുന്നത് വിവരക്കേടിന്റെ സമയമാണല്ലോ. ഒരിക്കല്‍ വീട്ടില്‍ ബുള്‍സൈ ഉണ്ടാക്കി. അതിന്റെ ഉണ്ണി പൊട്ടിപോയെന്ന് പറഞ്ഞ് ഞാനത് കഴിച്ചില്ല. കഴിക്കെടാ എന്ന് അച്ഛന്‍ വഴക്ക് പറഞ്ഞു. എന്നിട്ട് എനിക്കൊരു കഥയും പറഞ്ഞുതന്നു. ആ കഥയാണ് എന്നെ കമ്മ്യൂണിസ്റ്റ്കാരനാക്കിയത്.

എന്റെയൊക്കെ കാലത്ത് ഒരു മുട്ടയെന്ന് പറയുന്നത് ഒരു സ്വപ്‌നമായിരുന്നു എന്നാണ് അച്ഛന്‍ അന്ന് പറഞ്ഞത്. അടുത്ത വെള്ളിയാഴ്ച ഒരു മുട്ട തരാമെന്ന് ഖാദറിക്ക പറഞ്ഞാല്‍ അത് സ്വപ്‌നം കണ്ടായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം അങ്ങനെ കഷ്ടപ്പാടിന്റെ കഥകള്‍ പറഞ്ഞുതുടങ്ങി. അപ്പോള്‍ തന്നെ ഞാന്‍ മുട്ട കഴിച്ചു.

ഈ പ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ്കാരന്‍ അനുഭവിച്ച വേദന എന്താണെന്ന് അച്ഛനാണ് എനിക്ക് പറഞ്ഞുതരുന്നത്. ഞാന്‍ ഒരിക്കലും ഒരു മുതലാളിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വേദനയോടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സാഹചര്യങ്ങള്‍ വന്നപ്പോള്‍ സംഭവിച്ച് പോയതാണ്. നിങ്ങള്‍ക്കും അമ്മയ്ക്കും വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ആയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്,’ ചെറിയാന്‍ കല്‍പകവാടി പറഞ്ഞു.

സാഹചര്യങ്ങള്‍ കൊണ്ട് പാര്‍ട്ടിവിട്ട് ബിസിനസിലേക്ക് പോകേണ്ടി വന്ന നെട്ടൂര്‍ സ്റ്റീഫന്‍ എന്ന വ്യക്തിയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കഥപറയുന്ന സിനിമയാണ് ലാല്‍ സലാം. നെട്ടൂരാനായി സിനിമയിലെത്തിയത് മോഹന്‍ലാലായിരുന്നു. മുരളി, ഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: cherian kalpakavadi about lal salam movie

We use cookies to give you the best possible experience. Learn more