ലഖ്‌നൗ: യു.പിയിലെ പത്താം തരം ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. മാത്രമല്ല പണമില്ലാത്ത ചെക്ക് സമര്‍പ്പിച്ച വിദ്യാര്‍ത്ഥിയില്‍ നിന്നും ബാങ്ക് പിഴ ഈടാക്കുകയും ചെയ്തു.
യങ് സ്ട്രീം ഇന്റര്‍ കോളേജിലെ പത്താം തരം വിദ്യാര്‍ത്ഥിയായ അലോക് മിശ്രയ്ക്കായിരുന്നു 93.5 ശതമാനം മാര്‍ക്ക് ലഭിച്ചതിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കിയത്. ഏഴാം റാങ്കിന് കൂടി ഉടമയായിരുന്നു അലോക്. തുടര്‍ന്ന് മെയ് 29 ന് ലഖ്‌നൗവില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് യോഗി ആദിത്യനാഥ് നേരിട്ട് ഒരു ലക്ഷം രൂപയുടെ ചെക്ക് അലോകിന് കൈമാറിയത്.
ബരാബംഗിയിലെ ജില്ലാ ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ് രാജ് കുമാര്‍ യാദവ് ഒപ്പിട്ട ചെക്കായിരുന്നു അലോകിന് നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 974926 എന്ന നമ്പറിലുള്ള ചെക്കായിരുന്നു ഇത്. തുടര്‍ന്ന് തുക വാങ്ങിക്കാനായി അലോകിന്റെ രക്ഷിതാക്കള്‍ ലഖ്‌നൗവിലെ ഹസ്‌റാത്ഗഞ്ച് ഏരിയയിലെ ബാങ്കില്‍ ജൂണ്‍ അഞ്ചിന് ചെക്ക് സമര്‍പ്പിച്ചു.
എന്നാല്‍ ചെക്ക് സമര്‍പ്പിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും അലോകിന്റെ അക്കൗണ്ടില്‍ പണം ക്രെഡി
റ്റായതായി കാണാത്തതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ചെക്ക് മടങ്ങിയതായി കണ്ടത്.
മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നെന്ന് അലോക് പ്രതികരിച്ചു. എന്നാല്‍ ചെക്ക് മടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്നും അലോക് പറഞ്ഞു.
എന്നാല്‍ ചെക്ക് മടങ്ങാനുള്ള കാരണം ഒപ്പിലെ വ്യത്യാസം കൊണ്ടാണെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. പുതിയ ചെക്ക് അലോകിന് നല്‍കുമെന്നും അധികൃതര്‍ പ്രതികരിച്ചു.
എന്നാല്‍ ഇത് ഗൗരവതരമായ വിഷയമാണെന്നും എന്തെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഉദയ് ബാനു പ്രതികരിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.