കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി. കൊച്ചിയിലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് കോടതി ജാമ്യ മില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് 11 ലക്ഷം രൂപയുമായി റിസബാവ കോടതിയില്‍ കീഴടങ്ങിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് റിസബാവ കോടതിയില്‍ ഹാജരായത്. കെട്ടി വെക്കേണ്ട തുക കോടതിയില്‍ ഹാജരാക്കിയെങ്കിലും കൃത്യസമയത്ത് ഇത് ചെയ്യാത്തതിന്റെ പേരില്‍ പിരിയുന്നത് വരെ കോടതി മുറിയില്‍ തുടരാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.
2014 ലാണ് നടന്‍ റിസ ബാവ എളമക്കര സ്വദേശി സാദിക്കില്‍ നിന്ന് 11 ലക്ഷം രൂപ കടമായി വാങ്ങിയത്. റിസബാവയുടെ മകളുമായി സാദിക്കിന്റെ മകന് വിവാഹം ഉറപ്പിച്ചിരുന്നു.
ഈ പരിചയത്തിലായിരുന്നു ഇടപാട്. എന്നാല്‍ കൃത്യസമയത്ത് തുക തിരിച്ച് നല്‍കാന്‍ റിസബാവയ്ക്ക് കഴിയാതെ വന്നതോടെ ഉറപ്പിനായി 11 ലക്ഷം രൂപയുടെ ചെക്ക് സാദിക്കിന് നല്‍കി.
എന്നാല്‍ വീണ്ടും അവധി പറഞ്ഞതോടെയാണ് ചെക്കുമായി സാദിക് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വണ്ടി ചെക് നല്‍കി വഞ്ചിച്ച സംഭവത്തില്‍ മൂന്ന് മാസം തടവിനും 11 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.
റിസബാവ നല്‍കിയ അപ്പീലില്‍ ശിക്ഷ ഒരുമാസമായി കുറച്ചെങ്കിലും പിഴയടക്കാന്‍ റിസബാവ തയ്യാറാകാതെ വന്നതോടെയാണ് ഇന്നലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക