Kerala News
ചെന്താമര പരിസരം വിട്ട് പോയിട്ടില്ല, പൊലീസും നാട്ടുകാരും നേരിൽ കണ്ടു; പോത്തുണ്ടിയിൽ വ്യാപക തെരച്ചിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 28, 03:10 pm
Tuesday, 28th January 2025, 8:40 pm

പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ അമ്മയേയും മകനേയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടത്. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായാണ് വിവരം.

മുന്നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്.കാട് പിടിച്ച പ്രദേശത്ത് കൂടി പ്രതി ഇരുട്ടിൽ ഓടിമറഞ്ഞതായാണ് വിവരം. കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാരും പൊലീസും.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു.

സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന സുധാകരന്റെ അമ്മ മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി. ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്താമര തിരുപ്പൂരില്‍ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി.

ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അരുംകൊല. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് പരാതി വിലക്കെടുത്തില്ലെന്നും സുധാകരന്റെ മകള്‍ പറഞ്ഞിരുന്നു.

 

Content Highlight: Chentamara has not left the area, the police and locals saw him; Widespread search in Pothundi