മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും
Kerala
മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th April 2021, 1:12 pm

തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന കെ.പി.സി.സി അധ്യകഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

യു.ഡി.എഫിന് ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല. തുടര്‍ഭരണത്തിന് വേണ്ടി സി.പി.ഐ.എം ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണെന്നും ഇത് മറച്ചുവെക്കാനാണ് സി.പി.ഐ.എം യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മഞ്ചേശ്വരത്ത് സി.പി.ഐ.എം സഹായം ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന് ബി.ജെ.പിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവുമെന്നും അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്.

മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സി.പി.ഐ.എം നിര്‍ത്തിയതുതന്നെ ബി.ജെ.പിയെ സഹായിക്കാനാണ്. എസ്.ഡി.പി.ഐയുമായി 72 മണലങ്ങളില്‍ പ്രാദേശിക നീക്ക് പോക്ക് എല്‍.ഡി.എഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ ?

അതുകൊണ്ടുതന്നെ നിങ്ങള്‍ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തയുടെ പ്രതികരണവും പുറത്തുവരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chennithala rejects Mullappally statement about Manjeswaram seat