| Friday, 2nd April 2021, 11:06 am

ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന യൂത്ത് നേതാവിന്റെ ഹരജി തള്ളി ഹൈക്കോടതി; തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് നിയാസ് ഭാരതിയുടെ ഹരജി ഹൈക്കോടതി തള്ളി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം മാറ്റിയതിനെതിരെ നിയാസ് ഭാരതി നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. കഴിഞ്ഞ ദിവസമാണ് അനുവദിച്ച ചിഹ്നം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റിയതിനെതിരെ നിയാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

താക്കോല്‍ ചിഹ്നനമാണ് ഹരജിക്കാരന് തുടക്കത്തില്‍ അനുവദിച്ചിരുന്നത്. എന്നാല്‍ പ്രചാരണം തുടങ്ങിയ ശേഷം ഈ ചിഹ്നം പ്രചാസഠക് രാഷ്ട്രീയ പക്ഷ എന്ന പാര്‍ട്ടിക്ക് നലകിയതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്ക് ഗ്യാസ് സിലണ്ടര്‍ ചിഹ്നം അനുവദിക്കുകയായിരുന്നുവെന്ന് ന്ിയാസ് ഹരജിയില്‍ പറഞ്ഞു.

അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ട് പ്രചാരണം തുടങ്ങിയ ശേഷം ചിഹ്നം മാറ്റിയത് നീതി നിഷേധമാണെന്നായിരുന്നു നിയാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ പോസ്റ്റല്‍ വോട്ടിംഗ് തുടങ്ങിയ സാഹചര്യത്തില്‍ വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ അറിയിച്ചു. തുടര്‍ന്നാണ് ഹരജി തള്ളിയത്.

കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കൂടിയാണ് നിയാസ് ഭാരതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്നാണ് നിയാസ് ഭാരതി അറിയിച്ചിരുന്നത്. മത്സരത്തിലൂടെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി അനുനയ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല.
പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് നിയാസ് മത്സരിക്കാന്‍ രംഗത്തെത്തിയത്.

അവസാന മണിക്കൂറില്‍ പ്രതിപക്ഷ നേതാവിനെതിരായ പത്രികാസമര്‍പ്പണം മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chennithala Opposite Candidate Niyas petition Rejected

We use cookies to give you the best possible experience. Learn more