പി.എസ്.സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകര്‍ന്നു; പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം വേണം: രമേശ് ചെന്നിത്തല
Kerala
പി.എസ്.സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകര്‍ന്നു; പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം വേണം: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 9:58 am

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷയില്‍ തട്ടിപ്പ് നടന്നെന്ന് തെളിഞ്ഞു. സി.ബി.ഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സാധ്യമല്ലന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘പി.എസ്.സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകര്‍ന്നു. പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരിലേക്കും പി.എസ്.സി ചെയര്‍മാനിലേക്കും അന്വേഷണം വ്യാപിപ്പിക്കണം’, ചെന്നിത്തല പറഞ്ഞു.

പൊലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ എസ്.എഫ്.ഐ നേതാക്കള്‍ വന്‍ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി പി.എസ്.സിയും വ്യക്തമാക്കിയിരുന്നു. അഖില്‍ വധശ്രമക്കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായാണ് പി.എസ്.സി കണ്ടെത്തിയത്.

പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ എസ്.എം.എസ് വന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാന്‍ പി.എസ്.സി ശുപാര്‍ശ ചെയ്തു. മൂവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

കാസര്‍ഗോഡ് പൊലീസ് ക്യാംപിലേക്കാണ് ഇവര്‍ പരീക്ഷയെഴുതിയതെങ്കിലും പരീക്ഷ എഴുതിയത് തിരുവനന്തപുരത്താണ്. മൂന്ന് കേന്ദ്രങ്ങളിലായ പരീക്ഷ എഴുതിയ ഇവര്‍ക്ക് ഉത്തരങ്ങള്‍ യഥാസമയം പുറത്ത് നിന്ന് ലഭിച്ചുവെന്നാണ് സംശയിക്കുന്നത്.