തിരുവനന്തപുരം: തൃശ്ശൂരിലെ പാര്‍ട്ടിസമ്മേളനത്തില്‍ നിന്നും തലസ്ഥാനത്തേക്ക് എത്താന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് അക്ഷരാര്‍ത്ഥത്തില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നത് പോലെയായി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കയ്യോടെ പിടിച്ചത് കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിതപ്പിയത്. എന്നാലും കളവ് കളവല്ലാതാകുന്നില്ല. ദുരിത ബാധിതര്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണം ഇത്തരത്തില്‍ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതീവ ദൗര്‍ഭാഗ്യകരമായി പോയി.
പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതാശ്വാസത്തിനായി വകയിരിത്തിയിരിക്കുന്ന തുകയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്രക്കായി എട്ട് ലക്ഷം രൂപ മുഖ്യമന്ത്രി ചിലവഴിച്ചത്. ഈ മാസം ആറാം തീയതിയാണ് സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് പണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ അത് കയ്യോടെ കണ്ട് പിടിച്ചപ്പോള്‍ ഉത്തരവ് റദ്ദാക്കി തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
ഓഖി ഫണ്ടില്‍ നിന്ന് ഹെലികോപ്ടര്‍ യാത്രയ്ക്കായി ചിലവഴിച്ച തുക തിരിച്ചടയ്ക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസ്സനും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ വീഴ്ചയാണ് നടപടിക്ക് കാരണമായതെന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.