മലപ്പുറം: എടപ്പാളിൽ നാടോടി പെണ്‍കുട്ടിയെ മർദിച്ച സംഭവത്തിൽ പോക്‌സോ കേസ് ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെയും കുടുംബത്തെയും ചെന്നിത്തല ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവത്തിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എടപ്പാൾ സ്വദേശി രാഘവനാണ് പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വട്ടങ്കുളം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു രാഘവൻ.
ഇന്ന് രാവിലെയോടെയാണ് മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം പുറത്ത് വരുന്നത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ നാടോടി ബാലികക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ നെറ്റിയില്‍ മുറിവുണ്ട്.
Also Read ഒളിക്യാമറ വിവാദം: മൊഴി നൽകാൻ ഹാജരാകാതിരുന്ന എം.കെ. രാഘവന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്
രാവിലെ പത്ത് മണിയോടെയാണ് സംഭവം. മര്‍ദ്ദിച്ചത് പ്രദേശവാസിയാണെന്നായിരുന്നു പെണ്‍കുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വര്‍ഷങ്ങളായി പൊന്നാനിയില്‍ താമസിക്കുകയാണ്.സംഭവത്തില്‍ ബാലവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്.