| Thursday, 17th October 2019, 5:40 pm

'സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മകന് റാങ്ക് ലഭിക്കാന്‍ ലോബിയിങ് നടത്തി'; അന്വേഷണം നടത്തണം; ചെന്നിത്തലയ്ക്ക് എതിരെ പ്രത്യാരോപണവുമായി മന്ത്രി കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: തനിക്കെതിരായ ഉയര്‍ന്ന എം.ജി യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രത്യാരോപണവുമായി മന്ത്രി കെ.ടി ജലീല്‍.

കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്ന് ജലീല്‍ പറഞ്ഞു. ചെന്നിത്തലയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് അഭിമുഖ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചു. ആ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്ത് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ 30 മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകന് കിട്ടിയെന്നും ഇതിനായി ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലയെന്ന് ജലീല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണമെന്നും പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചെന്നിത്തലയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നതെന്നും ചരിത്രത്തില്‍ ആദ്യമായല്ല മോഡറേഷന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരാള്‍ക്ക് മാത്രമല്ല നിരവധി പേര്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ട്. മോഡറേഷന്‍ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അത് തുറന്നുപറയണമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ അറിവോടെ സര്‍വകലാശാലകളില്‍ മാര്‍ക്ക് കുഭകോണം നടത്തി തോറ്റ വിദ്യാര്‍ഥികളെ ജയിപ്പിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു.

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചു മന്ത്രിയും ഓഫിസും മാര്‍ക്കുദാനം നടത്തുകയാണെന്നു ഗവര്‍ണറുമായുള്ള കൂടികാഴ്ചയ്ക്കുശേഷം ചെന്നിത്തല ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Minister KT Jaleel  against Chennithala

We use cookies to give you the best possible experience. Learn more