|

'എന്തിനാണ് ഈ നാടകം'; കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കം പരാജയപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സിറ്റ് നഷ്ടപ്പെട്ടതില്‍ പരസ്യമായി എതിര്‍പ്പ് അറിയിച്ച് കെ. വി തോമസിനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം പരാജയപ്പെട്ടു. ചര്‍ച്ചക്കെത്തിയ ചെന്നിത്തലയോട് കെ. വി തോമസ് രോക്ഷമായി സംസാരിക്കുകയായിരുന്നു. എന്തിനാണ് ഈ നാടകമെന്നും കെ.വി തോമസ് ചെന്നിത്തലയോട് ചോദിച്ചു.

ഹൈബി ഈഡന്‍ ജയിച്ചാല്‍ നിയമസഭാ സീറ്റ് നല്‍കാമെന്ന് ചെന്നിത്തല വാഗ്ദാനം ചെയ്തു. ഒപ്പം എ.ഐ.സി.സി ഭാരവാഹിത്വം, യു.ഡി.എഫ് കണ്‍വീനര്‍ പദവികളും വാഗാദാനം ചെയ്തു. എന്നാല്‍ പ്രചരണത്തിന് എത്തണമെന്ന് ചെന്നിത്തലയുടെ ആവശ്യം പോലും തോമസ് നിരസിക്കുകയായിരുന്നു.

ALSO READ: സ്ഥാനാർത്ഥികളെ സി.പി.ഐ.എം. പ്രഖ്യാപിച്ചത് മര്യാദകേട്; ബംഗാളിൽ സി.പി.ഐ.എം. കോൺഗ്രസ് സഖ്യം തകർച്ചയിലേക്ക്

സോണിയാ ഗാന്ധി ഇന്ന് കെ.വി തോമസുമായി കൂടിക്കാഴ്ച്ച നടത്തും. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്രസമിതിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചത്. എന്നാല്‍ അതിനോടുള്ള തോമസിന്റെ പ്രതികരണം അറിഞ്ഞ സോണിയ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തോമസിനെ വസതിയിലേക്ക് വിളിച്ചത്.

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെയാണ് പുറത്തിറക്കിയത്. 12 പേരടങ്ങിയ ആദ്യ ഘട്ട പട്ടികയാണ് പുറത്തിറക്കിയത്. എറണാകുളത്ത് സിറ്റിങ് എം.പി കെ.വി തോമസിന് സീറ്റ് നല്‍കിയില്ല. ഹൈബി ഈഡനാണ് പകരം സ്ഥാനാര്‍ഥി. ഇതിനെതിരെയാണ് കെ.വി തോമസ് രംഗത്തെത്തിയത്