| Wednesday, 29th March 2017, 11:52 am

ചെന്നിത്തലയുടെ സത്യാഗ്രഹ വേദിയില്‍ ഇരിപ്പിടം ലഭിച്ചില്ല; കെ.മുരളീധരന്‍ പിണങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തുന്ന സത്യാഗ്രഹ പന്തലില്‍ ഇരിപ്പിടം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.മുരളീധരന്‍ എം.എല്‍.എ പരിപാടിയില്‍ പങ്കെടുക്കാതെ പിണങ്ങിപ്പോയി.

രാവിലെ തന്നെ സത്യാഗ്രഹ പന്തലില്‍ ഇരിക്കാനായി കെ.മുരളീധരന്‍ എത്തിയപ്പോഴേക്കും വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ എല്ലാവരും ഇടംപിടിച്ചു കഴിഞ്ഞിരുന്നു.

ഒറ്റ ഇരിപ്പിടങ്ങള്‍ പോലും ഒഴിവില്ലായിരുന്നു അല്‍പ്പസമയം കാത്തു നിന്നെങ്കിലും ഇരിപ്പിടം ഒരുക്കാന്‍ സംഘാടകര്‍ ശ്രമിച്ചില്ല.

പരിപാടിയില്‍ പങ്കെടുക്കുന്ന ഘടക കക്ഷി നേതാക്കളില്‍ ഒരാള്‍ സീറ്റ് നല്കാന്‍ തയ്യാറായെങ്കിലും ഘടകകക്ഷികളെ ഇറക്കിയിട്ട് തനിക്ക് സീറ്റ് വേണ്ട എന്ന് പറഞ്ഞ് മുരളി സത്യാഗ്രഹത്തിന്റെ ഉദ്ഘാടനത്തിനു കാത്ത് നില്‍ക്കാതെ പോവുകയായിരുന്നു.

അതേസമയം നേതാക്കള്‍ക്കൊപ്പം ഇരിപ്പിടം കൊടുക്കാത്തത് കെ.മുരളീധരനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. എന്നാല്‍ മറ്റു പരിപാടി ഉള്ളതിനാലാണ് കെ.മുരളീധരന്‍ പോയതെന്നും അത് കഴിഞ്ഞാലുടന്‍ അദ്ദേഹം സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്നുമാണ് സംഘാടകര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more