| Sunday, 13th February 2022, 12:09 pm

ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നു; അതൃപ്തി നേരിട്ടറിയിക്കാനൊരുങ്ങി കെ.പി.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി. നേതൃത്വവുമായി കൂടിയാലോചന നടത്താതെയാണ് രമേശ് ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് കെ.പി.സി.സി നേതൃത്വം ആരോപിച്ചു.

ലോകായുക്ത നിയമ ഭേദഗതിയില്‍ നിരാകരണ പ്രമേയം കൊണ്ടുവരണമെന്ന പ്രഖ്യാപനം നേതൃത്വത്തോട് കൂടിയാലോചന നടത്താതെയാണ് രമേശ് ചെന്നിത്തല നടത്തിയത്. ഇത് മുന്‍ഗാമികളുടെ രീതിയല്ലെന്ന് കെ.പി.സി.സി നേതൃത്വം പറഞ്ഞു.

നേതൃത്വത്തിന്റെ അതൃപ്തി ചെന്നിത്തലയെ നേരിട്ടറിയിക്കാനാണ് തീരുമാനം.

പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കേണ്ട കാര്യങ്ങള്‍ രമേശ് ചെന്നിത്തല പറയുമ്പോള്‍ അത് ആശയകുഴപ്പം ഉണ്ടാക്കുമെന്നും കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരനോ പ്രതിപക്ഷ നേതാവോ പറയേണ്ട കാര്യങ്ങളില്‍ ഒറ്റയ്ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിക്കുന്നുവെന്നുമാണ് കെ.പി.സി.സി രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ത്തുന്ന പരാതി.

ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. നേതൃമാറ്റം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് പരിഹരിച്ചുപോകുന്നതിനിടെയാണ് വീണ്ടും നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുയരുന്നത്.

കഴിഞ്ഞ ദിവസമാണ് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ നിരാകരണ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.

ഗവര്‍ണറും മുഖ്യമന്ത്രിയും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പറഞ്ഞ കാര്യങ്ങള്‍ ഒരു മണിക്കൂറിനകം ആവിയായിപ്പോയോ എന്നും ചെന്നിത്തല ചോദിച്ചിരുന്നു.


Content Highlights: Chennithala himself behaves like an opposition leader; KPCC ready to express dissatisfaction

We use cookies to give you the best possible experience. Learn more