Advertisement
Daily News
ഈ ചോദ്യം എന്നോട് എങ്ങനെ ചോദിക്കാന്‍ തോന്നി; ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവ് സരിതയോട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 10, 05:13 am
Friday, 10th November 2017, 10:43 am

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ സരിതയോട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഈ ചോദ്യം എങ്ങനെ എന്നോട് ചോദിക്കാന്‍ തോന്നിയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ചെന്നിത്തല. ഇത്തരം ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

എന്നാല്‍ ഇതിന് പിന്നാലെ തനിക്കെതിരെയുള്ള സരിതയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പ്രതികരിച്ചു.


Dont Miss ബിരിയാണി വെച്ചതിന് ജെ.എന്‍.യുവില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ


സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സരിത സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തന്നോട് നേരിട്ട് ഫോണ്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കമ്മഷന് നല്‍കിയതിനേക്കാള്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സരിത പറഞ്ഞിരുന്നു.

സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചപ്പോള്‍ താങ്കള്‍ ഉമ്മന്‍ചാണ്ടിയുടെ പേരുപറഞ്ഞ് അപമാനിച്ചുവെന്ന് ചെന്നിത്തല ക്രമപ്രശ്‌നം ഉന്നയിച്ചിരുന്നു.

എന്നാല്‍ താന്‍ ഒരു നേതാക്കളുടെ പേരും പറഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉടന്‍ തന്നെ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരസ്യമാക്കിയെന്ന് ചെന്നിത്തല തിരുത്തുകയായിരുന്നു.