| Sunday, 27th August 2017, 10:30 am

മോദീ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ ജനതയ്ക്ക് മുന്‍പില്‍ അങ്ങേയ്ക്ക് മുട്ടുമടക്കേണ്ടി വരും: ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് “അങ്ങ് പാര്‍ട്ടിയുടെ മാത്രം പ്രധാനമന്ത്രിയല്ല ” എന്ന് കോടതിക്ക് ഓര്‍മ്മ പ്പെടുത്തേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാകളങ്കമാണെന്ന് ചെന്നിത്തല പറയുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളും, ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന പ്രധാനമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയത്തേയാണ് ഹരിയാന ഹൈക്കോടതി ഇന്നലെ നിശിതമായി വിമര്‍ശിച്ചത്.

ഹരിയാനയിലെ തെരുവുകളില്‍ 36 ജീവന്‍ പൊലിഞ്ഞ് വീണിട്ടും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച പ്രധാനമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ് കോടതിയുടെ പരാമര്‍ശം.

ഗോദ്രയിലെ കലാപത്തില്‍ നിരവധി ജീവന്‍ പൊലിഞ്ഞപ്പോഴും, ഗോരഖ്പൂരില്‍ പ്രാണവായു ലഭിക്കാതെ പിഞ്ച് ജീവനുകള്‍ പിടഞ്ഞപ്പോഴും, ഗുജറാത്തില്‍ ദളിത് യുവാക്കളെ തല്ലിച്ചതച്ചപ്പോഴും, രാജ്യത്തുടനീളം പശുവിന്റെ പേരില്‍ പാവങ്ങളെ തല്ലി കൊന്നപ്പോഴും പ്രധാനമന്ത്രി സ്വീകരിച്ചത് ഇതേ നിലപാടായിരുന്നു.


Dont Miss മോദിക്ക് പ്രിയപ്പെട്ട അദാനിയുടെ ഹെലികോപ്റ്ററിലോ ഗുര്‍മീതിന്റെ ജയില്‍ യാത്ര?: കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയവിവാദം


ജനാധിപത്യ രഹിതവും, അധാര്‍മ്മികവുമായ മാര്‍ഗ്ഗങ്ങളിലൂടെ അധികാരം വെട്ടിപ്പിടിക്കുന്ന ആര്‍.എസ്.എസിന്റെ പ്രതിനിധി മാത്രമല്ല മറിച്ച് ഇന്ത്യയിലെ കോടനു കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ് മോദി എന്ന കോടതി പരാമര്‍ശം ഗൗരവമേറിയതാണ്.

അങ്ങ് കോര്‍പ്പറേറ്റകളുടെ മാത്രം പ്രധാനമന്ത്രിയല്ല, അങ്ങ് ആള്‍ദൈവങ്ങളുടെ മാത്രം പ്രധാനമന്ത്രിയല്ല, അങ്ങ് ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല എന്ന് ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റുപറയുന്നത് പ്രധാനമന്ത്രി കേള്‍ക്കാതെ പോവരുത്.

കോടതി പരാമര്‍ശത്തിന്റെ പൊരുള്‍ മനസിലാക്കി മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നില്ലെങ്കില്‍ ജനാധിപത്യവും മതേതരത്വവും പ്രാണവായുവായി സ്വീകരിച്ച ഇന്ത്യന്‍ ജനതയ്ക്ക് മുമ്പില്‍ മുട്ട് മടക്കേണ്ടി വരുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more