| Thursday, 9th March 2017, 12:08 pm

അബ്ദുല്‍ ഖാദര്‍ എം.എല്‍.എയ്ക്ക് ഗുരുവായൂരില്‍ എന്ത് കാര്യം; നിയമസഭയില്‍ വര്‍ഗീയ പരാമര്‍ശവുമായി ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാവക്കാട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 15,000 ലിറ്റര്‍ വെള്ളം ചിലര്‍ പുഴയിലേക്ക് ഒഴുക്കിവിട്ട സംഭവത്തില്‍ ഇടപെട്ട് സംസാരിച്ച അബ്ദുള്‍ ഖാദര്‍ എം.എല്‍.എക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അബ്ദുല്‍ ഖാദര്‍ എം.എല്‍.എയ്ക്ക് ഗുരുവായൂരില്‍ എന്താണ് കാര്യം എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.

സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് -മുസ്‌ലീംലീഗ് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് കെ.വി അബുദള്‍ഖാദര്‍ എം.എല്‍.എ സഭയില്‍ പറഞ്ഞപ്പോഴായിരുന്നു ചെന്നിത്തല അബ്ദുള്‍ഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തത്.


Dont Miss തനിക്ക് നേരെ പ്രതിപക്ഷാംഗം ആക്രോശിച്ചെന്ന് പിണറായി; പരിധി ലംഘിക്കുന്ന നിലപാട് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി 


സംഭവത്തില്‍ പ്രതിഷേധവുമായി ഭരണപക്ഷം രംഗത്തെത്തിയതോടെ താന്‍ അങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് ചെന്നിത്തലയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തെന്ന് സ്പീക്കര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചാവക്കാട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 15,000 ലിറ്റര്‍ വെള്ളം ചിലര്‍ പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നു.

ഗുരുവായൂരിലേക്ക് കൊണ്ടുവന്ന ശുദ്ധജലം ചില ഗുണ്ടകള്‍ ചേര്‍ന്ന് ഒഴുക്കിക്കളഞ്ഞെന്നും ഇതിന് പൊലീസ് കാഴ്ചക്കാരായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞിരുന്നു.

ഇത് ഗൗരവമായ വിഷയമാണെന്നും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഗുരുവായൂര്‍ എം.എല്‍.എ കൂടിയായ കെ.വി അബ്ദുള്‍ഖാദര്‍ കോണ്‍ഗ്രസ് -മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ ഈ വിഷയത്തില്‍ കയറി സംസാരിക്കാന്‍ അബ്ദുല്‍ഖാദറിന് എന്താണ് അവകാശമെന്ന് ചെന്നിത്തല ചോദിക്കുകയായിരുന്നു. ഇതിനെതിരെ ഭരണപക്ഷം രംഗത്തെത്തുകയും ചെയ്തു.

തുടര്‍ന്ന് നടന്ന സംവാദത്തിനിടെ പ്രതിപക്ഷം ശിവസേനയെ വാടകയ്ക്ക് എടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വച്ച് നടുത്തളത്തിലിറങ്ങുകയായിരുന്നു.

നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് സഭയില്‍ നടക്കുന്നതെന്നും എല്ലാ അംഗങ്ങളും പെരുമാറ്റത്തിലും പ്രവൃത്തിയിലും സംയമനം പാലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more