തിരുവനന്തപുരം: കൊവിഡ് 19 ന്റെ മറവില്‍ സര്‍ക്കാര്‍ വ്യക്തിഗത വിവരങ്ങള്‍ മറിച്ചുവില്‍ക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ഡിജിറ്റല്‍ പാസും മൊബൈല്‍ അപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും അടക്കമുള്ള നടപടികളില്‍ ക്രമക്കേട് ഉണ്ടെന്നാണ് ചെന്നിത്തല ആരോപിച്ചത്.
കൊവിഡിന്റെ മറവില്‍ വ്യക്തി വിവരങ്ങള്‍ വിദേശ കമ്പനിക്ക് നല്‍കാനാണ് നീക്കം നടക്കുന്നത്. വാര്‍ഡ് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മുഴുവന്‍ സ്പ്രിംഗ്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സൈറ്റിലേക്കാണ് പോകുന്നത്. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് എന്തുറപ്പാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഒരു മാര്‍ക്കറ്റിങ് കമ്പനിക്ക് രോഗികളുടെ വിവരശേഖരണ കരാര്‍ എങ്ങനെ നല്‍കി? വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു.
സി.ഡിറ്റിനോ എന്‍.ഐ.സിക്കോ ഐ.ടി മിഷനോ ചെയ്യാന്‍ കഴിയുന്ന കാര്യം സ്വകാര്യ കമ്പനിക്ക് കൊടുക്കേണ്ട ആവശ്യമെന്താണ്? ധാരാളം സംശയങ്ങള്‍ ഉയരുന്നുണ്ട്. ഈ ഘട്ടത്തില്‍ ഇതേ പറുന്നുള്ളൂ. സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.
ആളുകളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ സംരക്ഷിക്കണം. സ്വകാര്യ കമ്പനികളെ കൊണ്ടുവന്ന നടപടി അങ്ങേയറ്റം അപലപനീയം ആണ്.
വാണിജ്യ ആവശ്യത്തിന് ഡാറ്റാ നല്‍കില്ലെന്ന ഒരു ഉറപ്പും സര്‍ക്കാരിനില്ല. മാത്രമല്ല ഇത്തരം വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ച് വച്ചതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
കമ്പനിയുടെ പരസ്യത്തില്‍ ഐ.ടി സെക്രട്ടറി അഭിനയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. സ്വകാര്യ കമ്പനിയുടെ പരസ്യത്തില്‍ എങ്ങനെയാണ് ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കര്‍ അഭിനയിക്കുക. ഇത് അതീവ ഗുരുതരമായ സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു.
പണം വാങ്ങിയാണെങ്കിലും അല്ലെങ്കിലും വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്‍കുന്നതില്‍ ക്രമക്കേട് ഉണ്ട്. ഐ.ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡിനെതിരായ മൂന്നാം ഘട്ട പ്രതിരോധത്തിനായാണ് ഡിജിറ്റല്‍ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.