| Friday, 20th September 2019, 3:48 pm

കിഫ്ബി, കിയാല്‍, ട്രാന്‍സ്ഗ്രിഡ് പദ്ധതികളില്‍ അഴിമതി; സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കിഫ്ബി ക്രമക്കേട്, കിയാല്‍ ഓഡിറ്റ്, ട്രാന്‍സ്ഗ്രിഡ് അഴിമതി തുടങ്ങി വലിയ ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്. പാലായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സി.എ.ജി ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത് അഴിമതി മൂടിവെക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.ഐ.എം നേതാക്കളുടെ മക്കളെ അനധികൃതമായി കിയാലില്‍ നിയമിച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഡിറ്റിങ്ങിന് അനുമതി ലഭിച്ചാല്‍ ഈ അഴിമതിയെല്ലാം പുറത്തുവരുമെന്ന ഭയംകൊണ്ടാണ് സി.പി.ഐ.എമ്മും സര്‍ക്കാരും സമ്പൂര്‍ണ സി.എ.ജി ഓഡിറ്റിങ്ങിന് അനുമതി നല്‍കാത്തത് എന്നാണ് ചെന്നിത്തല ആരോപിച്ചത്.

അഞ്ചു കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ കിഫ്ബി തുക വകമാറ്റി ചെലവാക്കി എന്നാണ് കിഫ്ബിക്കെതിരെ പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചത്.

11 ലക്ഷം രൂപയുടെ ചിലവ് വരുന്ന മണ്ണു മാറ്റല്‍ പദ്ധതി 1.11 കോടി രൂപയ്ക്കാണ് കിഫ്ബി നടപ്പാക്കിയത്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാവുമോ എന്നും കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയുടെ നടത്തിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും ഇതിനോടൊപ്പം പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇതിനു പുറമേ കിഫ്ബി വഴി നടപ്പാക്കാനുദ്ദേശിച്ചിരുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണ് ട്രാന്‍സ് ഗ്രിഡ്.

പതിനായിരം കോടിയുടെ പദ്ധതിയായിരുന്നു ആദ്യം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തികള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ട്രാന്‍സ് ഗ്രിഡ് പദ്ധിതിയുടെ ഭാഗമായി നടപ്പാക്കാനിരുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈസന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ പല ഇടപാടുകളും നടന്നിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more